തിങ്കളാഴ്ച സുപ്രീംകോടതി പുറത്തുവിട്ട മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. യോഗത്തില്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധാനം ചെയ്ത് മുന്‍ ബിസിസിഐ പ്രസിഡന്‍റ് ശ്രീനിവാസന്‍ പങ്കെടുക്കുമെന്നതാണ് പ്രത്യേകത.
ഇന്നത്തെ യോഗത്തില്‍ വാര്‍ഷികയോഗത്തിന്റെ തീയതി തീരുമാനിക്കുന്നതിനാവും പരിഗണന നല്‍കുന്നത്. നേരത്തെ ഈ മാസം അവസാനമായിരുന്നു വാര്‍ഷികയോഗം തീരുമാനിക്കാന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഡിസംബര്‍ മൂന്നാം വാരത്തിലായിരിക്കും യോഗം നടക്കുകയെന്നാണ് ഇപ്പോഴത്തെ സൂചന.
അതോടൊപ്പം തന്നെ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഒത്തുകളിയിലും വാതുവെപ്പിലും ശ്രീനിവാസന് പങ്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രീനിവാസനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണ്. എങ്കിലും ഐപിഎല്‍ കേസ് അടുത്ത പരിഗണനക്കെടുക്കുന്ന നവംബര്‍ 24ന് മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകു.