Asian Games 2023, Indian Squad: ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19 മുതല്‍ സെപ്റ്റംബര്‍ 28 വരെയുള്ള ദിവസങ്ങളില്‍ വനിത ക്രിക്കറ്റ് മത്സരങ്ങളും സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ പുരുഷ ക്രിക്കറ്റ് മത്സരങ്ങളും നടക്കും. ഹര്‍മന്‍പ്രീത് കൗര്‍ വനിത ടീമിനെയും ഋതുരാജ് ഗെയ്ക്വാദ് പുരുഷ ടീമിനെയും നയിക്കും.
ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ ഏഷ്യന്‍ ഗെയിംസിലേക്ക് രണ്ടാം നിര ടീമിനെയാണ് ബിസിസിഐ അയക്കുന്നത്. ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള പ്രമുഖ താരങ്ങളൊന്നും ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ ഇല്ല. മുതിര്‍ന്ന താരം ശിഖര്‍ ധവാനെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്റെ ക്യാപ്റ്റനാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ബിസിസിഐ ആ തീരുമാനത്തില്‍ നിന്ന് പിന്മാറി. ഐപിഎല്ലില്‍ മികവ് തെളിയിച്ച യുവതാരങ്ങള്‍ക്കെല്ലാം ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്.