ഗ്രൌണ്ടില്‍ പൊട്ടിത്തെറിച്ച കടവുകള്‍ ഡ്രസിംഗ് റൂം അടിച്ചു തരിപ്പണമാക്കി; പണി പാളിയെന്ന ഭയത്തില്‍ ബംഗ്ലാദേശ് ടീം
ശനി, 17 മാര്‍ച്ച് 2018 (14:14 IST)
അവസാന ഓവര്‍വരെ ആവേശം നീണ്ട് നിന്ന ബംഗ്ലദേശ് - ശ്രീലങ്ക പോരാട്ടത്തിനൊടുവില്‍ ജയം സ്വന്തമാക്കിയ കടുവകള്‍ ഡ്രസിംഗ് റൂമില്‍ മോശം കുട്ടികളായി.
160റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നതിന്റെ ആവേശവും ലങ്കന്‍ താരങ്ങളുടെ മോശം പെരുമാറ്റത്തിലും കലിലൂണ്ട ബംഗ്ലദേശ് താരങ്ങള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ക്കുകയായിരുന്നു.
ബംഗ്ലാ താരങ്ങള്‍ ഡ്രസിംഗ് റൂം തകര്‍ത്ത സംഭവം സ്ഥിരീകരിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തുവന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ടീം നഷ്ടപരിഹാരം നൽകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡ്രസിംഗ് റൂം അടിച്ചുതകർത്ത താരത്തെ സിസിടിവി പരിശോധിച്ച് കണ്ടെത്താൻ മാച്ച് റഫറി ക്രിസ് ബ്രോഡ് ഗ്രൗണ്ട് സ്റ്റാഫിനു നിർദ്ദേശം നൽകി.
ഗ്രൌണ്ടിലും ഡ്രസിംഗ് റൂമിലും മോശം പെരുമാറ്റം നടത്തിയ ബംഗ്ലാദേശ് ടീമിനെതിരെ ഐസിസി നടപടികള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
ഉസൂരു ഉഡാന എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സ് ബ്ലംഗ്ലാദേശിന് വേണ്ടിയിരുന്നപ്പോഴാണ് ഗ്രൌണ്ടില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യ രണ്ട് ബോള്‍ ബൗണ്‍സര്‍ എറിഞ്ഞിട്ടും രണ്ടാമത്തേത് നോബോല്‍ വിളിക്കാത്തത്താണ് കടുവകളെ ചൊടിപ്പിച്ചത്. ഇതോടെ അമ്പയറോട് തട്ടിക്കയറിയ അവര്‍ ലങ്കന്‍ താരങ്ങളോടും വാഗ്വാദത്തിലേര്‍പ്പെട്ടു.
തുടര്‍ന്ന് ബംഗ്ലാ നായകന്‍ ഷക്കീബ് അല്‍ ഹസന്‍ ക്രീസിലുണ്ടായിരുന്ന മഹമ്മദുള്ളയോടും റുബല്‍ ഹുസൈനോടും മടങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ ഇടപ്പെടുകയും ഇരുവരും ക്രീസിലെക്ക് മടങ്ങിയെത്തുകയും ചെയ്‌തു. തുടര്‍ന്നുള്ള പന്തുകളില്‍ മഹമ്മദുള്ള ഒരു ബൗണ്ടറിയും സിക്സും നേടി ഒരു പന്തു ശേഷിക്കെ ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു.