പിങ്ക് ബോൾ ടെസ്റ്റ്, ബംഗ്ലാദേശിന് നാണക്കേടിന്റെ റെക്കോഡ്

അഭിറാം മനോഹർ
ശനി, 23 നവം‌ബര്‍ 2019 (10:38 IST)
ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരമെന്ന ചരിത്രമത്സരത്തിൽ  ബംഗ്ലാദേശിന് നാണക്കേടിന്റെ റെക്കോഡ്.
ഈഡനിലെ ആദ്യ ഇന്നിങ്സിലെ പ്രകടനമാണ് ബംഗ്ലാ കടുവകൾക്ക് നാണക്കേട് സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് വെറും 30.3 ഓവറിൽ 106 റൺസെടുക്കുന്നതിനിടെ പുറത്തായിരുന്നു. ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ മൂന്ന്പേർ മാത്രമാണ് സ്കോർബോഡിൽ രണ്ടക്കം കടന്നത്. കൂട്ടത്തിൽ ഒരാൾക്ക് പോലും 30 റൺസ് തികക്കുവാൻ പോലും സാധിച്ചിരുന്നില്ല.
 
ബാറ്റിങ്ങിലെ ഈ തകർച്ചയാണ് ബംഗ്ലാദേശിന് നാണക്കേടിന്റെ പുതിയ റെക്കോഡ് സമ്മാനിച്ചിരിക്കുന്നത്. മത്സരത്തിൽ ബംഗ്ലാദേശിന്റെ മൂന്ന് ബാറ്റ്സ്മാന്മാരാണ് റൺസൊന്നും തന്നെ കണ്ടെത്താൻ കഴിയാതെ പവലിയനിലേക്ക് മടങ്ങിയത്. ഇതെല്ലാം തന്നെ ബംഗ്ലാദേശ് മുൻനിര ബാറ്റ്സ്മാന്മാരാണ് എന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു.
 
ക്യാപ്റ്റൻ മൊമിനുൾ ഹഖ്,മുഹമ്മദ് മിഥുൻ,മുഷ്ഫിഖുർ റഹീം എന്നീ പ്രമുഖ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരാണ് പൂജ്യം റൺസിൽ പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടീമിന്റെ മൂന്ന് മുതൽ അഞ്ച് വരെയുള്ള ബാറ്റ്സ്മാന്മാർ റൺസൊന്നും നേടാനാകാതെ പുറത്താകുന്നത്. അതുമാത്രമല്ല  ടെസ്റ്റിൽ ഒരിന്നിങ്സിൽ മൂന്ന് ബാറ്റ്സ്മാന്മാർ പൂജ്യത്തിന് പുറത്തായി എന്ന റെക്കോഡുള്ള നാല് ടീമുകളാണുള്ളത്. ഇതിൽ ഏഷ്യയിൽ നിന്നുള്ള ആദ്യ ടീം കൂടിയാണ് ബംഗ്ലാദേശ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article