ഈഡനിൽ ഇന്ത്യൻ പേസ് അഴിഞ്ഞാട്ടം, ഇഷാന്ത് ശർമക്ക് അഞ്ച് വിക്കറ്റ്

അഭിറാം മനോഹർ

വെള്ളി, 22 നവം‌ബര്‍ 2019 (17:29 IST)
ഫോം എന്നത് താത്കാലികമാണ് എന്നാൽ  ക്ലാസ് എന്നത് സ്ഥിരമാണ് എന്നൊരു ചൊല്ല് എല്ലാ കളിയുമായി ബന്ധപ്പെട്ടും നിലവിലുള്ളതാണ്.  ഇന്ത്യക്കെതിരെ ആദ്യ പിങ്ക് ടെസ്റ്റ് മത്സരത്തിനായി ബംഗ്ലാദേശ് തയ്യാറെടുത്തപ്പോൾ ഒരുപക്ഷേ മറന്നുപോയതും ഈ ചൊല്ലിനെയാകാം. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഷമിക്കെതിരെയും ഉമേഷിനെതിരെയും ബംഗ്ലാദേശ് നല്ല രീതിയിൽ തയ്യാറെടുത്തപ്പോൾ വിട്ട് പോയത് ബൗളിങിന് പഴയ മൂർച്ചയില്ലെന്ന് ആരാധകർ വരെ കരുതിയ ഇഷാന്ത് ശർമയുടെ തീ തുപ്പുന്ന പന്തുകളെയാണ്.   
 
എന്നാൽ  2008ലെ പെർത്ത് ടെസ്റ്റ് മത്സരത്തിൽ അന്നത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ ഒരാളായ പോണ്ടിങിനെ വിറപ്പിച്ച സ്പെല്ലുകൾ എറിഞ്ഞ പഴയ ഇഷാന്ത് ശർമ അയാളിൽ നിന്നും  ഇനിയും വിട്ടുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈഡനിൽ ഇന്ന് ഇഷാന്ത് കാഴ്ചവെച്ച പ്രകടനം. അന്ന് പെർത്തിൽ പോണ്ടിങിനെതിരെ ബൗൾ ചെയ്യ്ത അതേ 21ക്കാരന്റെ വീറോടെയാണ് ഇഷാന്ത് ഇന്ന് കളത്തിലിറങ്ങിയത്. 
 
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാനമായ മത്സരത്തിൽ എന്നെന്നും തന്റെ പേര് കൂടി കുറിച്ചുകൊണ്ടാണ് ഇഷാന്ത് തനിക്ക് ഒരു അംങ്കത്തിന് കൂടെ ബാല്യമുണ്ടെന്ന് തന്നെ എഴുതിതള്ളിയവർക്ക് മുൻപാകെ മത്സരത്തിൽ പറഞ്ഞുവെച്ചത്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യം ആയിരുന്നെങ്കിൽ പോലും ജസ്പ്രീത് ബൂമ്രയുടെയും മുഹമ്മദ് ഷമിയുടെയും നിഴലിലായിരുന്നു കുറച്ചുകാലമായി ഇഷാന്ത്. ഭുവനേശ്വർ കുമാർ,ഉമേഷ് യാദവ് എന്നിവർ കൂടി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോളും സ്ഥിരമായി ടെസ്റ്റ് ടീമിൽ ഇടം നേടാൻ ഇഷാന്തിന് സാധിച്ചുവെന്നത് തന്റെ പ്രതിഭക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു. എങ്കിലും തന്നെ എഴുതി തള്ളിയവരോടുള്ള മറുപടിയായിരുന്നു താരത്തിന്റെ ഇന്നത്തെ ഈഡനിലെ പ്രകടനം.
 
മത്സരത്തിലെ ഏഴാം ഓവറിൽ തന്നെ വിക്കറ്റ് നേടി പിങ്ക് ബോളിലെ ആദ്യ ഇന്ത്യൻ വിക്കറ്റ് നേട്ടം തന്റെ പേരിൽ കുറിച്ച ഇഷാന്ത് പക്ഷേ തന്റെ യഥാർത്ഥ അവതാരം പുറത്തെടുത്തത് ഉച്ചഭഷണത്തിന് ശേഷമായിരുന്നു. 73ന് ആറ് വിക്കറ്റ് എന്ന നിലയിൽ നിന്നും ഉച്ചഭക്ഷണസമയത്തിന് ശേഷം മത്സരം പുനരാരംഭിക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രമാണ് ഇഷാന്തിന് സ്വന്തമായുണ്ടായിരുന്നത് എന്നാൽ ബംഗ്ലാദേശ് നിരയെ വെറും 30.3 ഓവറിൽ 106 റൺസിന് ചുരുട്ടികെട്ടുമ്പോൾ ബാക്കിയുള്ള നാല് വിക്കറ്റുകളിൽ മൂന്നും ഇഷാന്ത് സ്വന്തമാക്കി. 
 
ഇതോടെ പിങ്ക് ബോളിൽ ആദ്യ വിക്കറ്റ് നേട്ടം എന്നതിനൊപ്പം പിങ്ക് ബോളിൽ ആദ്യമായി അഞ്ച് വിക്കറ്റ് നേട്ടം എന്ന തിരുത്താനാകാത്ത റെക്കോഡ് കൂടി ഇഷാന്ത് സ്വന്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍