ക്രിക്കറ്റ് ലോകത്തെ അതിശക്തന്മാരായ ഓസ്ട്രേലിയയെ തകർത്ത് ചരിത്രം കുറിച്ച് ബംഗ്ലാദേശ്. 20 റണ്‍സിനാണ് ബംഗ്ലാദേശ് ചരിത്രത്തിൽ ആദ്യമായി ഓസീസിനെ കെട്ടുകെട്ടിച്ചത്. 265 റണ്‍സ് പിന്തുടർന്ന ഓസീസ് 244 റണ്‍സിന് പുറത്തായി. രണ്ട് ഇന്നിംഗ്സുകളിലുമായി പത്തു വിക്കറ്റു വീഴ്ത്തിയ ഷക്കീബ് അൽ ഹസനാണ് കങ്കാരുക്കളുടെ അന്തകനായത്.
സ്കോർ: ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 260, രണ്ടാം ഇന്നിംഗ്സ് 221. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 217, രണ്ടാം ഇന്നിംഗ്സ് 244.
109ന് രണ്ട് എന്ന നിലയിൽ നാലം ദിനം തുടങ്ങിയ ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിര അപ്രതീക്ഷിതമായി തകരുകയായിരുന്നു. സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ (112) പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (37) കൂടാരം കയറിയതോടെ ഓസീസ് തകര്‍ന്നു.
മാറ്റ് റിന്‍ഷോ (45), ആഷ്ടണ്‍ അഗര്‍ (41) എന്നിവര്‍ ചെറുത്തു നിന്നുവെങ്കിലും ഷക്കീബ് അൽ ഹസന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ മറ്റുള്ളവര്‍ മടങ്ങി. എന്നാൽ വാലറ്റത്ത് പാറ്റ് കമ്മിൻസ് (33) പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല.
ആദ്യ ഇന്നിംഗ്സിൽ 260ന് പുറത്തായ ബംഗ്ലാദേശ് 217റൺസിൽ ഓസ്ട്രേലിയയെയും പിടിച്ചുകെട്ടി. 43റണ്‍സ് ലീഡിന്റെ പിന്‍ബലത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് 221 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി തമീം ഇക്ബാല്‍ (78) രണ്ടാം ഇന്നിംഗ്‌സിലും ലും അര്‍ധസെഞ്ചുറി നേടി തിളങ്ങി.