കോഹ്ലിയുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി ബാംഗ്ലൂര്‍

വ്യാഴം, 19 മെയ് 2016 (07:18 IST)
സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഉദയം കാണാന്‍ കഴിയാഞ്ഞ തലമുറയ്‌ക്ക് ദൈവം നല്‍കിയ സമ്മാനമാണ്‌ വിരാട്‌ കോഹ്ലി. ഈ സീസണില്‍ കോലിയുടെ നാലാം സെഞ്ച്വറിയുടെ കരുത്തില്‍ പഞ്ചാബിനെ 82 റണ്‍സിന് തകര്‍ത്ത് ബാംഗ്ലൂര്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി.
 
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം സീസണ്‍ സ്വന്തം പേരിലെഴുതുകയാണ്‌ കോഹ്ലി. സീസണിലെ നാലാം സെഞ്ചുറിയാണ്‌ ഇന്നലെ കിങ്‌സ് ഇലവനെതിരേ കുറിച്ചത്‌. വര്‍ണിക്കാനാവില്ല, ആ പ്രകടനം. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 50 പന്തില്‍ നിന്ന്‌ 113 റണ്‍സ്‌. ഇന്നിങ്‌സിന്‌ തൊങ്ങല്‍ ചാര്‍ത്തി 12 ബൗണ്ടറികളും എട്ടു സിക്‌സറുകളും. ഗെയിലും മോശമാക്കിയില്ല. 32 പന്തില്‍നിന്നു എട്ടു സിക്‌സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെ 73 റണ്‍സ് ഗെയില്‍ അടിച്ചുകൂട്ടി. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 11 ഓവറില്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് ഓവറില്‍ 55 റണ്‍സ് വഴങ്ങിയ കെ.സി. കരിയപ്പയാണ് കിംഗ്‌സ് ഇലവന്‍ ബൗളര്‍മാരില്‍ ധാരാളിയായത്.
 
സന്ദീപ്‌ ശര്‍മയുടെ പന്തില്‍ ഡേവിഡ്‌ മില്ലറിന്‌ പിടികൊടുക്കുമ്പോള്‍ കോഹ്ലിയുടെ പേരില്‍ 113 റണ്‍സ്‌ കുറിച്ചിരുന്നു. ബാംഗ്ലൂര്‍ സ്‌കോര്‍ബോര്‍ഡില്‍ 199 ഉം. തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബന്‌ ഒമ്പതു വിക്കറ്റ്‌ നഷ്‌ടത്തില്‍ 120 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളു. ബാംഗ്ലൂരിന്‌ 92 റണ്‍സ്‌ പിന്നില്‍. 24 റണ്‍സ്‌ നേടിയ വൃദ്ധിമാന്‍ സാഹയാണ്‌ ടോപ്‌ സ്‌കോറര്‍. 

വെബ്ദുനിയ വായിക്കുക