ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും; ഷാമി തിരിച്ചെത്തിയേക്കും
ശനി, 19 ഡിസംബര്‍ 2015 (10:03 IST)
അടുത്തമാസം ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20യുമാണ് ഇന്ത്യ കളിക്കുക. അത്ഭുങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മഹേന്ദ്ര സിംഗ് ധോണി തന്നെ ഇന്ത്യന്‍ ടീമിനെ നയിക്കുക. മാർച്ചിൽ നടക്കുന്ന ട്വന്റി -20 ലോകകപ്പ് കൂടി മനസിൽ വെച്ചായിരിക്കും സെലക്ടർമാർ ടീമിനെ തിരഞ്ഞെടുക്കുക. മുംബൈയിലാണ് സെലക്ഷന് കമ്മിറ്റി യോഗം
ലോകകപ്പിനുശേഷം പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ മുഹമ്മദ് ഷാമി ടീമില്‍ തിരിച്ചെത്തും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം രവീന്ദ്ര ജഡേജയ്ക്കും ടീമിലിടം നല്‍കും. അതേസമയം മറ്റു പേസര്‍മാരായ ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ആരോണ്‍ എന്നിവരില്‍ ആരൊക്കെ ടീമിലുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
ജനുവരി പന്ത്രണ്ടിന് തുടങ്ങുന്ന പര്യടനം 31ന് അവസാനിക്കും. പേസിന്റെ വിളനിലമായ പെര്‍ത്തിലാണ് ആദ്യ മത്സരം. സ്പിന്‍ കെണിയൊരുക്കി ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യയെ ഓസ്ട്രേലിയയില്‍ കാത്തിരിക്കുന്നത് പേസും ബൌണ്‍സും നിറഞ്ഞ അതിവേഗ പിച്ചുകളാണ്.