Australia vs New Zealand ODI World Cup Match: ഓസ്‌ട്രേലിയയുടെ റണ്‍മലയ്ക്ക് മുന്നില്‍ അവസാന പന്ത് വരെ പോരാടി കിവീസ്, ഒടുവില്‍ അഞ്ച് റണ്‍സ് തോല്‍വി

ശനി, 28 ഒക്‌ടോബര്‍ 2023 (18:49 IST)
Australia vs New Zealand ODI World Cup Match: ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സ് വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.2 ഓവറില്‍ 388 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 
 
രചിന്‍ രവീന്ദ്രയുടെ സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡ് അനായാസം വിജയം സ്വന്തമാക്കുമെന്ന് ഒരു ഘട്ടത്തില്‍ ആരാധകര്‍ കരുതിയെങ്കിലും ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞത് തിരിച്ചടിയായി. രചിന്‍ രവീന്ദ്ര 89 പന്തുകളില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 116 റണ്‍സ് നേടി. ജെയിംസ് നീഷത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സും പാഴായി. 39 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം നീഷം 58 റണ്‍സ് അടിച്ചുകൂട്ടി. ഡാരില്‍ മിച്ചല്‍ 51 പന്തില്‍ 54 റണ്‍സ് നേടി. 
 
മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ സിംഗിളും രണ്ടാം പന്തില്‍ വൈഡ് അടക്കം ബൗണ്ടറിയും ലഭിച്ചതോടെ അഞ്ച് പന്തില്‍ ജയിക്കാന്‍ 13 എന്ന നിലയില്‍ എത്തി. അടുത്ത രണ്ട് പന്തുകളില്‍ ഡബിള്‍ ഓടി കിവീസ് വിജയത്തോട് വളരെ അടുത്തു. മൂന്ന് പന്തില്‍ ഒന്‍പത് റണ്‍സ് ജയിക്കാന്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. നാലാം പന്തില്‍ നീഷം വീണ്ടും ഡബിള്‍ ഓടിയെടുത്ത് രണ്ട് പന്തില്‍ ജയിക്കാന്‍ ഏഴ് എന്ന നിലയിലേക്ക് എത്തിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ രണ്ട് റണ്‍സിന് വേണ്ടിയും സ്‌ട്രൈക്ക് നിലനിര്‍ത്തുന്നതിനു വേണ്ടിയും ശ്രമിച്ച നീഷത്തിനു പാളി. വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ റണ്‍ഔട്ടില്‍ നീഷം പുറത്തായി. അവസാന പന്തില്‍ ആറ് റണ്‍സായിരുന്നു കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്റ്റാര്‍ക്കിന്റെ അവസാന പന്ത് നേരിട്ട ലോക്കി ഫെര്‍ഗൂസന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. 
 
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെയും (67 പന്തില്‍ 109), ഡേവിഡ് വാര്‍ണറിന്റെ അര്‍ധ സെഞ്ചുറിയുടെയും (65 പന്തില്‍ 81) കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ഗ്ലെന്‍ മാക്‌സ്വെല്‍ 24 പന്തില്‍ 41 റണ്‍സ് നേടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍