കളിയാക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു അപ്പുറത്തുള്ളത് ഓസ്‌ട്രേലിയയാണെന്ന്; ഇംഗ്ലണ്ടിന്റെ വായടപ്പിച്ച് വാലറ്റം !

Webdunia
ബുധന്‍, 21 ജൂണ്‍ 2023 (09:12 IST)
ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ രണ്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനമാണ് ഓസ്‌ട്രേലിയയ്ക്ക് എഡ്ജ്ബാസ്റ്റണില്‍ ആവേശകരമായ വിജയം സമ്മാനിച്ചത്. 281 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ചതാണ്. സ്‌കോര്‍ ബോര്‍ഡില്‍ 227 റണ്‍സ് ആയപ്പോള്‍ ഓസ്‌ട്രേലിയയുടെ എട്ട് വിക്കറ്റുകളും നഷ്ടമായി. എന്നാല്‍ വാലറ്റം പൊരുതിയതോടെ വിജയം ഓസീസിനൊപ്പം നിന്നു. ഇംഗ്ലണ്ടിന്റെ സ്ലെഡ്ജിങ്ങിനുള്ള മറുപടി കൂടിയാണ് ഓസീസിന്റെ ജയം. 
 
ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് താരം ഒലി റോബിന്‍സണ്‍ ഓസ്‌ട്രേലിയയുടെ വാലറ്റത്തെ പരിഹസിച്ച് സംസാരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ടീമില്‍ മൂന്ന് 11-ാം നമ്പര്‍ ബാറ്റര്‍മാരുണ്ട് എന്നായിരുന്നു റോബിന്‍സണ്‍ പറഞ്ഞത്. നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ ബാറ്റിങ്ങിനെ പരിഹസിച്ചായിരുന്നു റോബിന്‍സണ്‍ ഈ പരാമര്‍ശം നടത്തിയത്. പാറ്റ് കമ്മിന്‍സ് വരെയുള്ള വിക്കറ്റുകള്‍ നഷ്ടമായാല്‍ പിന്നെ തങ്ങള്‍ക്ക് പേടിയില്ലെന്നും പിന്നീട് വരുന്ന മൂന്ന് ബാറ്റര്‍മാരും 11-ാം നമ്പര്‍ ബാറ്റര്‍ക്ക് തുല്യമാണെന്നുമായിരുന്നു റോബിന്‍സണ്‍ പരോക്ഷമായി പരിഹസിച്ചത്. എന്നാല്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ അതേ വാലറ്റം തന്നെ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ തട്ടിത്തെറിപ്പിച്ചു. 
 
പാറ്റ് കമ്മിന്‍സിനൊപ്പം മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ നഥാന്‍ ലിയോണിന് സാധിച്ചു. ഓസ്‌ട്രേലിയ ജയം ഉറപ്പിക്കുമ്പോള്‍ 28 പന്തില്‍ 16 റണ്‍സുമായി നഥാന്‍ ലിയോണ്‍ പുറത്താകാതെ നിന്നിരുന്നു. റോബിന്‍സണ്‍ അടക്കമുള്ള ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബൗളിങ് നിരയെ പ്രതിരോധിച്ചാണ് ലിയോണ്‍ 28 പന്തുകള്‍ നേരിട്ടത്. നൈറ്റ് വാച്ച്മാന്‍ ആയി അഞ്ചാം നമ്പറില്‍ ഇറങ്ങിയ സ്‌കോട്ട് ബോളണ്ട് രണ്ടാം ഇന്നിങ്‌സില്‍ 40 പന്തില്‍ 20 റണ്‍സ് നേടി. ഇരുവരുടെയും ഇന്നിങ്‌സുകള്‍ ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായി. പരിഹസിച്ചവര്‍ക്കുള്ള മറുപടി ബാറ്റ് കൊണ്ട് നല്‍കുകയായിരുന്നു ഓസീസ് വാലറ്റം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article