ലോകകപ്പ് മത്സരക്രമം പുറത്തിറക്കാനാകുന്നില്ല, പാകിസ്ഥാനെ കുറ്റപ്പെടുത്തി ബിസിസിഐ

ചൊവ്വ, 20 ജൂണ്‍ 2023 (20:30 IST)
ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിന്റെ മത്സരക്രമം വൈകാന്‍ കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡെന്ന് ബിസിസിഐ. രണ്ടാഴ്ച മുന്‍പ് ബിസിസിഐ കരട് മത്സരക്രമവൂം വേദികളും അതാത് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് അയച്ചുനല്‍കിയിരുന്നു. മറ്റ് ടീമുകളൊന്നും മത്സരവേദിയെ പറ്റിയോ മത്സരക്രമത്തെ പറ്റിയോ പരാതി അറിയിച്ചിരുന്നില്ലെങ്കിലും പാക് ക്രിക്കറ്റ് ബോര്‍ഡ് എതിര്‍പ്പറിയിച്ചിരുന്നു. ഇതോടെ ഔദ്യോഗികമായ മത്സരക്രമം ഇനിയും പുറത്തുവിടാനാകാത്ത അവസ്ഥയിലാണ് ബിസിസിഐ.
 
സ്പിന്നിനെ പിന്തുണയ്ക്കുന്ന ചെന്നൈ പിച്ചില്‍ അഫ്ഗാനുമായി നടക്കുന്ന മത്സരം ബെംഗളുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്കും ഓസീസുമായുള്ള മത്സരം ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലേക്കും മാറ്റണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ കരുത്ത് കണക്കിലെടുത്താണ് മത്സരവേദി മാറ്റണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു ടീമിന്റെ വിജയസാധ്യതയ്ക്ക് വേണ്ടി വേദി മാറ്റിവെയ്ക്കണമെന്ന ആവശ്യം ബിസിസിഐ തള്ളികളഞ്ഞിരുന്നു. ഇതോടെ ഐസിസിയുടെ മധ്യസ്ഥതയിലാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്. നേരത്തെ ഇന്ത്യയുമായി അഹമ്മദാബാദില്‍ കളിക്കുന്നതിനും പാകിസ്ഥാന്‍ തടസ്സമുന്നയിച്ചിരുന്നു. സുരക്ഷാകാരണങ്ങളാണ് ഇതിന് കാരണമായി പാകിസ്ഥാന്‍ ചൂണ്ടികാണിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍