ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റിന് ഇന്ന് തുടക്കം. ഉദ്ഘാടനമത്സരത്തില്‍ നേപ്പാളും യുഎഇയും തമ്മിലാണ് ആദ്യമത്സരം. രണ്ടാം മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ശ്രീലങ്കയിലാണ് ഇക്കുറി ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. ഇന്ത്യ ഉള്‍പ്പടെ 8 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റിനുള്ളത്.
2 ഗ്രൂപ്പിലായാണ് പ്രാഥമികഘട്ട മത്സരങ്ങള്‍. ഇതിലെ ആദ്യ 2 സ്ഥാനക്കാര്‍ സെമിയിലെത്തും. 28നാണ് ഫൈനല്‍ മത്സരം. മലയാളി താരങ്ങളായ എസ് സജ്‌നയും ആശ ശോഭനയും ഇന്ത്യന്‍ ടീമിലുണ്ട്. ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യയാണ് നിലവിലെ ഏഷ്യാകപ്പ് ജേതാക്കള്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയാണ് ഇന്ത്യയുടെ വരവ്. ബാറ്റിംഗില്‍ മികച്ച ഫോമിലുള്ള സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.