ഇന്ത്യയിൽ അടുത്തമാസം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ ടീം പിന്മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബിസിസിഐ വിഷയത്തില്‍ ഇടപെടുന്നു. സുരക്ഷയുടെ പ്രശ്നത്തിന്റെ പേരില്‍ ഒരു ടീമും ഇന്ത്യയില്‍ കളിക്കാതിരുന്നിട്ടില്ല. പാക് ടീം എത്തിയാല്‍ അവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുക തന്നെ ചെയ്യും. എന്നാല്‍ ടീമിനെ അയക്കണോ എന്ന് തീരുമാനിക്കേണ്ടത് പാക് സര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ഏറ്റവും സുഗമമായി തന്നെ നടക്കും. നേരത്തെയും ലോകകപ്പുകള്‍ക്കും മറ്റ് പ്രധാന ടൂര്‍ണമെന്റുകള്‍ക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഒരു ടീമും സുരക്ഷയുടെ പേരില്‍ ഇന്ത്യയില്‍ കളിക്കാതിരുന്നിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലാം ടീമും പങ്കെടുക്കണമെന്നാണു ചട്ടമെന്നും ബിസിസിഐ സെക്രട്ടറി പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഓര്‍മിപ്പിച്ചു.
അതേസമയം, ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് പാക് ക്രിക്കറ്റ് ബോർഡിന് പാക് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
സർക്കാരിന്റെ തീരുമാനത്തിനനുസരിച്ചാകും ടീം ലോകകപ്പിൽ പങ്കെടുക്കുന്നതെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷെഹരിയാർ ഖാൻ പറഞ്ഞു.
പാകിസ്ഥാന്‍ ടീമിൻറ മൽസരങ്ങളിൽ ശിവസേന അടക്കമുള്ളവരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാലാണ് ടീമിൻറ സുരക്ഷ സംബന്ധിച്ച് പാക് സർക്കാർ നിലപാട് കൈകൊണ്ടത്. സുരക്ഷ സംബന്ധിച്ച ആശങ്കകൾ പാക് ക്രിക്കറ്റ് ബോർഡ് നേരത്തേ ഉയർത്തിയിരുന്നു. ലോകകപ്പിലെ പാകിസ്ഥാന്റെ മൽസരങ്ങൾ നിഷ്പക്ഷ വേദികളിലേക്ക് മാറ്റണമെന്ന് അവർ നിർദേശിച്ചിരുന്നു. മാർച്ച് 22 ന് മൊഹാലിയിൽ ന്യൂസിലൻഡിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. മാർച്ച് 19ന് ധർമ്മശാലയിൽ ഇന്ത്യയുമായും പാകിസ്ഥാന് മത്സരമുണ്ട്.
അതേസമയം, ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. ഓള്‍ റൌണ്ടര്‍ ഷഹീദ് അഫ്രീദി ടീമിനെ നയിക്കും. മോശം ഫോമിലുള്ള ഓപ്പണര്‍ അഹമ്മദ് ഷെഹ്സാദ് ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ എന്നിവരെ ഒഴിവാക്കി. ഷോയിബ് മഖ്‌സൂദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരും ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമില്‍ ഇല്ല. ഇടംകൈയന്‍ പേസ് ബൌളര്‍ റുമാന്‍ റെയീസാണ് ടീമിലെ പുതുമുഖം.
ടീം: ഷഹീദ് അഫ്രീദി (ക്യാപ്റ്റന്‍), മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ഉമര്‍ അക്മാല്‍, സര്‍ഫ്രാസ് അഹമ്മദ്, ബാബര്‍ അസം, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, അന്‍വര്‍ അലി, മുഹമ്മദ് ഇര്‍ഫാന്‍, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് നവാസ്, ഖുറാം മന്‍സൂര്‍, റുമാന്‍ റെയീസ്.