ഷെയ്ൻ വോണിന് പോലും നേടാനാവാത്ത നേട്ടം, മുരളിയ്ക്ക് പിന്നിൽ രണ്ടാമനാവാനൊരുങ്ങി അശ്വിൻ

ശനി, 11 മാര്‍ച്ച് 2023 (08:52 IST)
ഓസീസിനെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിൽ ഓസീസ് ബാറ്റിംഗ് നിരയെ അല്പമെങ്കിലും തടുത്തുനിർത്താനായത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനാണ്. സ്പിന്നർമാർക്ക് വലിയ ആനുകൂല്യമൊന്നും ലഭിക്കാതിരുന്ന രണ്ടാം ദിനത്തിൽ ഓസീസ് ബാറ്റർമാരെ തുടർച്ചയായി മടക്കിയയച്ച് ടെസ്റ്റിലെ തൻ്റെ 32ആം അഞ്ച് വിക്കറ്റ് നേട്ടമാണ് അശ്വിൻ ഇന്നലെ സ്വന്തമാക്കിയത്. ഇതോടെ പല റെക്കോർഡുകളും അശ്വിൻ തൻ്റെ പേരിലാക്കി.
 
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്. ഓസീസിനെതിരെ 111 ടെസ്റ്റ് വിക്കറ്റുകളുള്ള അനിൽ കുംബ്ലെയെയാണ് അശ്വിൻ മറികടന്നത്. 113 വിക്കറ്റുകളാണ് അശ്വിനുള്ളത്. അതേസമയം 100 ടെസ്റ്റ് മത്സരത്തിൽ നിന്നും 500 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തിലേക്ക് അശ്വിൻ കുതിക്കുകയാണ്. നിലവിൽ ലോകക്രിക്കറ്റിൽ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
 
92 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 473 വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയിട്ടുള്ളത്. 87 ടെസ്റ്റുകളിൽ നിന്നായിരുന്നു മുരളീധരൻ 500 എന്ന മാന്ത്രികസംഖ്യയിലെത്തിയത്. ഇന്ത്യൻ താരമായ അനിൽ കുംബ്ലെ 105 ടെസ്റ്റുകളിൽ നിന്നായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്.  500 വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കാൻ ഇനി വരുന്ന എട്ട് ടെസ്റ്റുകളിൽ നിന്ന് 27 വിക്കറ്റുകൾ മാത്രമാണ് അശ്വിന് വേണ്ടിയിട്ടുള്ളത്. നിലവിലെ ഫോമിൽ അശ്വിൻ എളുപ്പത്തിൽ തന്നെ ഈ നേട്ടത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍