ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ജയിച്ചത് ഏറെക്കുറെ തോല്‍വി ഉറപ്പിച്ച ശേഷം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആറ് റണ്‍സിനാണ് ഇന്ത്യയുടെ ജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്.
അവസാന ഓവറില്‍ വെറും പത്ത് റണ്‍സ് മാത്രമായിരുന്നു ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. നായകന്‍ സൂര്യകുമാര്‍ യാദവ് അവസാന ഓവര്‍ എറിയാനായി വിളിച്ചത് അര്‍ഷ്ദീപ് സിങ്ങിനെ. ആദ്യ മൂന്ന് ഓവറുകളില്‍ 37 റണ്‍സാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്, ഒരു വിക്കറ്റും നേടിയിരുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അര്‍ഷ്ദീപിന് പന്ത് കൊടുക്കുമ്പോള്‍ അമ്പത് ശതമാനം പോലും ഇന്ത്യക്ക് ജയസാധ്യത ഇല്ലായിരുന്നു. ക്രീസില്‍ വെടിക്കെട്ട് ബാറ്റര്‍ മാത്യു വെയ്ഡ് നില്‍ക്കുന്നു. ഒരൊറ്റ സിക്‌സ് മാത്രം മതിയായിരുന്നു കളിയുടെ ഗതി മാറാന്‍. എന്നാല്‍ അര്‍ഷ്ദീപ് അവസാന ഓവറില്‍ വിട്ടുകൊടുത്തത് മൂന്ന് റണ്‍സ് മാത്രം, മാത്യു വെയ്ഡിനെ പുറത്താക്കുകയും ചെയ്തു.