കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യ തോറ്റ് പുറത്തായത് ആരാധകർക്ക് കടുത്ത ഞെട്ടലും നിരാശയുമാണ് സമ്മാനിച്ചത്. ആദ്യ റൗണ്ടിൽ പാകിസ്ഥാനോടും ന്യൂസിലൻഡിനോടും ദയനീയമായി പരാജയപ്പെട്ടാണ് ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായത്.
ഈ മത്സരങ്ങളിൽ ടോസ് നിർണായകമായെങ്കിലും തോൽവി ഉൾക്കൊണ്ട് കൊണ്ട് ടീമിൽ വലിയ അഴിച്ചുപണി നടത്താൻ ടീം മാനേജ്മെൻ്റ് ശ്രമം നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി വെങ്കടേഷ് അയ്യർ,സഞ്ജു സാംസൺ,ദീപക് ഹൂഡ,ഇഷാൻ കിഷൻ തുടങ്ങിയ ബാറ്റർമാരെ ഇന്ത്യ വിവിധ സീരീസുകളിൽ പരീക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഒരുകൊല്ലത്തിനിപ്പുറം ഒക്ടോബറിൽ ഓസീസിൽ നടക്കുന്ന ലോകകപ്പിന് ഇന്ത്യൻ ടീം ഒരുങ്ങുമ്പോൾ 2021ലെ ഇന്ത്യൻ ടീമിൽ നിന്ന് പുതിയ ടീമിലെ ബാറ്റർമാരുടെ കാര്യത്തിൽ സംഭവിച്ചത് ഒരേയൊരു മാറ്റം മാത്രമാണ്. അതും ഏഷ്യാകപ്പിൽ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായി എന്നത് കൊണ്ട് മാത്രം.
കഴിഞ്ഞ ലോകകപ്പിൽ കളിച്ച രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെല്ലാം തന്നെ ടീമിൽ സ്ഥാനം നിലനിർത്തി. രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡ ടീമിൽ. യുവതാരങ്ങളെ മാറ്റി പരീക്ഷിച്ച് ഇന്ത്യയുടെ കളിരീതിയിൽ പുതിയ മാറ്റങ്ങളെല്ലാം കൊണ്ടുവന്നത് പഴയ താരങ്ങളെ തന്നെ നിലനിർത്താനായിരുന്നോ എന്ന ചോദ്യം മാത്രമാണ് ആരാധകർക്ക് ചോദിക്കാനുള്ളത്.
കഴിഞ്ഞ ലോകകപ്പിൽ കളിച്ച ഇഷാൻ കിഷന് പകരം ദിനേശ് കാർത്തിക് ടീമിലെത്തി എന്നതാണ് ഇത്തവണ ബാറ്റിങ്ങിൽ ആകെയുള്ള മാറ്റം. ഓപ്പണിങ്ങിൽ അടക്കം പല കോമ്പിനേഷനുകൾ ടീം പരീക്ഷിച്ചെങ്കിലും പതിവ് പോലെ രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവർ തന്നെയാകും ഓപ്പണിങ്ങിൽ ഇറങ്ങുക.
മൂന്നാമനായി കോലിയും നാലമനായി സൂര്യകുമാർ യാദവും എത്തുമ്പോൾ ബാറ്റിങ് ഓർഡർ പോലും 2021ലെ ടീമിന് സമാനം. ഐപിഎൽ പോലുള്ള ടൂർണമെൻ്റുകളിലൂടെ ടി20 ക്രിക്കറ്റിന് അനുകൂലമായ നിരവധി യുവതാരങ്ങളെ വളർത്തിയെടുത്തിട്ടും ആ താരങ്ങൾക്ക് യാതൊരു അവസരങ്ങളും നൽകാതെയാണ് ഇത്തവണത്തെ ടീം സെലക്ഷൻ. ബൗളിങ്ങിൽ ആർഷദീപ് സിംഗും ഹർഷൽ പട്ടേലും ഇത്തവണ ഇടം പിടിച്ചിട്ടുണ്ട്. സ്പിന്നർമാരിൽ രാഹുൽ ചാഹറിന് പകരം യൂസ്വേന്ദ്ര ചാഹലാകും കളിക്കുക.