ടി20 ലോകകപ്പ്: മുജീബും റാഷിദ് ഖാനും എറിഞ്ഞിട്ടു, അഫ്‌ഗാന് കൂറ്റൻ വിജയം

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (12:28 IST)
ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെ 130 റൺസിന് വീഴ്‌ത്തി വമ്പൻ വിജയം സ്വന്തമാക്കി അഫ്‌ഗാനിസ്ഥാൻ. മത്സരത്തിൽ അഫ്‌ഗാൻ ഉയർത്തിയ 191 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ട്‌ലൻഡിന് 60 റൺസ് മാത്രമെ എടുക്കാനായുള്ളു.
 
ഓപ്പണിംഗ് വിക്കറ്റില്‍ 28 റണ്‍സടിച്ചെങ്കിലും 32 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി. നാലോവറില്‍ 20 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത മുജീബ് ഉര്‍ റഹ്മാനും 2.2 ഓവറില്‍ ഒമ്പത് റണ്‍സിന് നാലു വിക്കെറ്റെടുത്ത റാഷിദ് ഖാനും ചേർന്നാണ് സ്കോട്ട്ലൻഡിനെ കറക്കി വീഴ്‌ത്തിയത്. ടി20 ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ അഫ്‌ഗാന്റെ ഏറ്റവും വലിയ വിജയമാണിത്.
 
 മുജീബ് എറിഞ്ഞ നാലാം ഓവറോടെയാണ് മത്സരം അടിമുടി മാറിയത്. തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ കോയ്റ്റ്സര്‍(10) ക്ലീന്‍ ബൗള്‍ഡായി. അതേ ഓവറിലെ അവസാന പന്തില്‍ ബെറിംഗ്ടണെ(0) മുജീബ് വിക്കറ്റിന് മുന്നില്‍ കുടുക്കിതൊട്ടടുത്ത ഓവറില്‍ മാത്യു ക്രോസിനെ നവീന്‍ വീഴ്ത്തി.സ്കോട്‌ലന്‍ഡിന്‍റെ ടോപ് സ്കോററായ മുന്‍സേയെ(18 പന്തില്‍ 25) മടക്കി മുജീബ് സ്കോട്‌ലന്‍ഡിന്‍റെ നടുവൊടിച്ചു. പിന്നീട് റാഷിദ് ഖാന്‍റെ ഊഴമായിരുന്നു.
 
മൈക്കല്‍ ലീസ്കിനെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി വിക്കറ്റ് വേട്ട തുടങ്ങിയ റാഷിദ് സ്കോട്‌ലന്‍ഡിനെ തകർത്തെറിഞ്ഞു.ജോര്‍ജ് മുന്‍സേ(25), ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റ്സര്‍(10), ക്രിസ് ഗ്രീവ്സ്(12) എന്നിവര്‍ മാത്രമാണ് സ്കോട്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. 33 പന്തില്‍ 59 റണ്‍സെടുത്ത സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ജയത്തോടെ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനും അഫ്ഗാനായി.

അനുബന്ധ വാര്‍ത്തകള്‍

Next Article