ഐപിഎല്ലിൽ നോ-ബോൾ തീരുമാനങ്ങളെ ചൊല്ലി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും വിരാട് കോലിയും കഴിഞ്ഞ വർഷം പരാതി ഉന്നയിച്ചിരുന്നു. വിമർശനം ഉന്നയിക്കുന്നതിന് മുന്നേ മത്സരത്തിനിടെ ധോണിയുടെ കുപ്രസിദ്ധമായ ഒരു പ്രവൃത്തിയും ഗ്രൌണ്ടിൽ അരങ്ങേറിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാനിടയിലാത്ത ഒരു സംഭവം.
അവസാന ഓവറിൽ ചെന്നൈയ്ക്ക് വിജയത്തിലേക്ക് 18 റൺസ് വേണമെന്നിരിക്കേ, ബെൻ സ്റ്റോക്സ് എറിഞ്ഞ നാലാം പന്ത് അംപയർ ഉല്ലാസ് ഗാന്ധെ നോബോൾ വിളിച്ചു. ക്രീസിലുണ്ടായിരുന്ന മിച്ചൽ സാന്റ്നറിന്റെ അരയ്ക്കു മുകളിലാണ് പന്തെത്തിയത് എന്ന ധാരണയിലായിരുന്നു ഇത്. എന്നാൽ, സ്ക്വയർ ലെഗ്ഗിലുണ്ടായിരുന്ന സഹ അംപയർ ബ്രൂസ് ഓക്സെൻഫോർഡ് അപ്പോള്‍ത്തന്നെ ഗാന്ധെയെ തിരുത്തി. അതു നോബോളല്ലെന്നായിരുന്നു ഓക്സെൻഫോർഡിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് ധോണി മൈതാനത്തിറങ്ങിയത്. മാത്രമല്ല, അംപയർ ഉല്ലാസ് ഗാന്ധെയുമായി ധോണി നോബോളിനെച്ചൊല്ലി തർക്കിക്കുകയും ചെയ്തു. ധോണിയുടെ ആ കലിപ്പൻ മുഖം നേരിട്ടനുഭവിക്കുക എന്ന ഒരു വിധി കൂടി അമ്പയർക്ക് ഉണ്ടായിരുന്നിരിക്കാം എന്നായിരുന്നു തല ആരാധകർ ഇതിനെ കുറിച്ച് പറഞ്ഞത്.
വിരാട് കോഹ്ലിയും മോശമായ അമ്പയറിങ്ങിനെതിരെ രംഗത്ത് വന്നിരുന്നു. അമ്പയറോട് കോഹ്ലിയും ഇതേച്ചൊല്ലി കയർത്തു സംസാരിച്ചിരുന്നു. ഐ പി എൽ പോലുള്ള വലിയ മത്സരങ്ങളിലെ നോ-ബോൾ സംവിധാനം പരിഹാസകരമായ നിലവാരത്തിൽ ആണെന്നാണ് ഇതിനെ പറ്റി ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചത്. ഏതായാലും ഈ അനുഭവങ്ങളിൽ നിന്നെല്ലാം പാഠമുൾക്കൊണ്ട് ഐപിഎൽ ഭരണസമിതി മികച്ച തീരുമാനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.