ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ മലയാളി താരം സഞ്ജു വി സാംസൺ ഇറങ്ങുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പ്രതീക്ഷയ്ക്ക് വിപരീതമായി സഞ്ജുവിനെ പുറത്തിരുത്തിയിട്ടാണ് രോഹിത് ശർമ നയിക്കുന്ന ടീം കളിക്കിറങ്ങിയത്. ഒടുവിൽ കീപ്പർ റിഷഭ് പന്തിന്റെ മണ്ടത്തരങ്ങളും മറ്റ് പിഴവുകളുടേയും ഫലമായി ടീം ഇന്ത്യ ബംഗ്ലാദേശിനു മുന്നിൽ അടിയറവ് പറയുകയായിരുന്നു.
ബാറ്റിംഗിലും കീപ്പിംഗിലുമെല്ലാം ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന സഞ്‌ജു ടീമിൽ ഉള്ളപ്പോൾ എന്തിനാണ് പന്തിനെ വീണ്ടും സഹിക്കുന്നതെന്ന ചോദ്യമുയരുമ്പോഴാണ് സഞ്ജുവിനു അവസരം കൊടുത്താലോ എന്ന തീരുമാനത്തിലേക്ക് ടീം എത്തുന്നത്. പന്തിന്‍റെ പിഴവുകളാണ് ബംഗ്ലാദേശിനെതിരായ ആദ്യ ടന്‍റി 20 ഇന്ത്യ തോല്‍ക്കാന്‍ കാരണമെന്നും ആരോപണങ്ങളുയർന്നിരുന്നു.
അതേസമയം മത്സരം നടക്കുന്ന രാജ്‌കോട്ടില്‍ കനത്ത മഴയായിരിക്കുമെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ‘മഹ ചുഴലിക്കാറ്റ്’ ഭീഷണിയാണ് ആശങ്ക സൃഷ്ടിക്കുന്നത്. മത്സരം മഴ മുടക്കിയാല്‍ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. നാഗ്പൂരില്‍ നടക്കുന്ന അവസാന ടി20 ഇതോടെ രോഹിത്തിനും സംഘത്തിനും കടുത്ത പരീക്ഷയാകും.