സച്ചിൻ മുന്നോട്ട് വെക്കുന്ന പരിഷ്ക്കാരപ്രകാരം. മത്സരത്തെ 25 ഓവർ വീതമുള്ള 4 ഇന്നിങ്സുകളായി തിരിക്കുകയാണ് ചെയ്യുക. ഇതിൽ ടീം എ 25 ഓവർ ബാറ്റുചെയ്തതിനു ശേഷം ടീം ബി 25 ഓവർ ബാറ്റുചെയ്യണം. ഇതിനു ശേഷം പഴയ സ്കോർ നിലയിൽ നിന്ന് ടീം എ പിന്നീടുള്ള 25 ഓവറിൽ ബാറ്റിങ് തുടരുകയും ചെയ്യും. ടീം എയുടെ ഇന്നിങ്സ് 25 ഓവറിനുള്ളിൽ അവസാനിച്ചാൽ ടീം ബിയ്ക്ക് ബാറ്റുചെയ്യാൻ 50 ഓവറുകൾ ലഭിക്കുകയും ചെയ്യും.
പുതിയ രീതി പരീക്ഷിക്കുമ്പോൾ ആദ്യം ബാറ്റുചെയ്യുന്ന ടീമിനും മത്സരത്തിലേക്കു മടങ്ങിയെത്താൻ കഴിയും എന്നതാണ് പരിഷ്കാരത്തെ ആകർഷകമാക്കുന്നത്. 45 മിനിറ്റുള്ള നീണ്ട ഇടവേളയ്ക്കു പകരം 15 മിനിറ്റു വീതം (നാല് ഇന്നിങ്സുകൾക്കിടെ മൂന്ന് ഇടവേളകൾ) മൂന്ന് ഇടവേളകൾ ആയിരിക്കും മത്സരത്തിന് ലഭിക്കുക. മഴ മൂലം ഫലമില്ലാത്ത മത്സരങ്ങളെന്ന പ്രതിസന്ധി പുതിയ മാറ്റം വഴി മറികടക്കാമെന്നാണ് പുതിയ രീതിയുടെ മറ്റൊരു ഗുണം. ഈ മാറ്റങ്ങൾ ക്രിക്കറ്റ് ടീമുകളെയും ഒപ്പം ആരാധകരെയും തൃപ്തിപ്പെടുത്തുമെന്നാണു പ്രതീക്ഷയെന്നും സച്ചിൻ പറയുന്നു.