‘ആ ഫോണ്‍ കോള്‍ ടീമിനെ തകര്‍ത്തു, ന്യൂസിലന്‍ഡിനെതിരെ ഇറങ്ങിയപ്പോള്‍ ഞാന്‍ നിരാശനായിരുന്നു’ - ലോകകപ്പ് നഷ്‌ടമായതിനെക്കുറിച്ച് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കുന്നു

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (14:57 IST)
ടീമിലെ വംശീയമായ വേര്‍തിരിവാണ് കഴിഞ്ഞ ലോകകപ്പ് നഷ്‌ടമാകുന്നതിന് കാരണമായതെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്. ആത്മകഥയായ ‘എബി: ദി ഓട്ടോ ബയോഗ്രഫി’ എന്ന പുസ്തകത്തിലാണ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ തോല്‍‌ക്കാന്‍ കാരണമായ വിഷയങ്ങളെക്കുറിച്ച് എബി പറയുന്നത്.

ടീമില്‍ കറുത്ത വര്‍ഗക്കാരുടെ എണ്ണം തികയ്‌ക്കാന്‍ ഇടപെടലുകള്‍ ലോകകപ്പിലും സജീവമായിരുന്നു. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ടീമിനെ തന്നെ കിവികള്‍ക്കെതിരെയുള്ള സെമിയിലും ഇറക്കാനായിരുന്നു എന്റെ തീരുമാനം. എന്നാം ടീം മീറ്റിംഗ് ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ വെളുത്ത വംശജനായ കെയ്ല്‍ അബോട്ടിനെ ഒഴിവാക്കി വെര്‍നണ്‍ ഫിലാന്‍ഡറെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നുവെന്നും ബുക്കില്‍ എബി പറയുന്നു.

പിന്‍തുട ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് കരയ്‌ക്കിരുന്ന ഫിലാന്‍‌ഡര്‍ക്ക് കളിക്കാനുള്ള ശേഷി ഇല്ലായിരുന്നു. എന്നാല്‍, മുകളില്‍ നിന്നുള്ള നിര്‍ദേശം പാലിക്കാതിരിക്കാന്‍ പറ്റുമായിരുന്നില്ല. തുടര്‍ന്ന് അബോട്ടിനെ ഒഴിവാക്കി ഫിലാന്‍‌ഡറെ കളിപ്പിക്കുകയായിരുന്നു. ഇത് ടീമിന്റെ ഘടനയെ ബാധിച്ചുവെന്നും ഡിവില്ലിയേഴ്‌സ് പറയുന്നുണ്ട്.



കറുത്ത വര്‍ഗക്കാരായ ഹാഷിം അംല, ജെപി ഡുമിനി, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ലങ്കയ്‌ക്കെതിരായ സെമിയില്‍ കളിച്ചിരുന്നു. സെമിയില്‍ ഇവരെ കൂടാതെ ഫിലാന്‍ഡറെ കൂടി ഉള്‍പ്പെടുത്തി നാല് കറുത്ത വര്‍ഗക്കാര്‍ എന്ന ക്വേട്ട തികയ്‌ക്കാന്‍ മുകളില്‍ നിന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ആത്മകഥയില്‍ പറയുന്നു.

ടീമില്‍ നാല് കറുത്ത വര്‍ഗക്കാര്‍ കളിക്കുന്നുണ്ടോ എന്ന് ആരും എണ്ണി നോക്കില്ല. സഹതാരങ്ങളെ കളറും വംശവും നോക്കി വേര്‍തിരിക്കുന്നത് മാനസികമായി തകര്‍ക്കുന്ന അനുഭവമാണ്. കാലഹരണപ്പെടേണ്ട നടപടി തന്നെ സെമിയില്‍ കളിക്കുമ്പോള്‍ തളര്‍ത്തിയിരുന്നുവെന്നും ഡിവില്ലേഴ്‌സ് തുറന്ന് പറയുന്നുണ്ട്.

അതേസമയം, ടീമില്‍ ഇടപെടല്‍ നടത്തിയ വ്യക്തി ആരെന്ന് എബി വ്യക്തമാക്കിയിട്ടില്ല. സഹതാരങ്ങളെക്കുറിച്ചും അവരുടെ സ്‌നേഹത്തെക്കുറിച്ചും ആത്മകഥയില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ജീവിതത്തിലും ക്രിക്കറ്റ് ജീവിതത്തിലും സ്വാധീനിച്ചവരെയും കുറിച്ചും ബുക്കില്‍ എബില്ലിയേഴ്‌സ് പറയുന്നുണ്ട്. ആത്മകഥ അടുത്ത മാസമാസണ് വില്‍പനയ്‌ക്കെത്തുക.
Next Article