കോലിയും പന്തുമില്ല, ഇന്ത്യയിൽ നിന്നും 6 താരങ്ങൾ: ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്

അഭിറാം മനോഹർ
തിങ്കള്‍, 1 ജൂലൈ 2024 (14:18 IST)
ടി20 ലോകകപ്പ് സമാപിച്ചതോടെ ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ഇലവന്‍ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെട്ട ടീമില്‍ വിരാട് കോലിക്കും റിഷഭ് പന്തിനും സ്ഥാനം നേടാനായില്ല. ഫൈനലില്‍ ഇന്ത്യയോട് തോറ്റ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും ഒരാള്‍ പോലും ഐസിസിയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചില്ല. അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്നും 3 താരങ്ങളും വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ,വെസ്റ്റിന്‍ഡീസ് ടീമുകളില്‍ നിന്നും ഓരോ താരങ്ങളും ടീമിലെത്തി.
 
രോഹിത് ശര്‍മയ്ക്ക് പുറമെ സൂര്യകുമാര്‍ യാദവ്,ഹാര്‍ദ്ദിക് പാണ്ഡ്യ,അക്‌സര്‍ പട്ടേല്‍,ജസ്പ്രീത് ബുമ്ര,അര്‍ഷദീപ് സിംഗ് എന്നിവരാണ് ഐസിസി ലോകകപ്പ് ഇലവനില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ നിന്നും ഗുര്‍ബാസ്,റാഷിദ് ഖാന്‍,ഫസല്‍ ഹഖ് ഫാറൂഖി എന്നിവര്‍ ടീമിലെത്തി. വെസ്റ്റിന്‍ഡീസില്‍ നിന്നും നിക്കോളാസ് പുറാനും ഓസ്‌ട്രേലിയയില്‍ നിന്നും മാര്‍ക്കസ് സ്റ്റോയ്‌നിസുമാണ് ടീമില്‍ ഇടം പിടിച്ചത്.
 
 റഹ്മാനുള്ള ഗുര്‍ബാസ്, രോഹിത് ശര്‍മ എന്നിവരാണ് ഐസിസി ലോകകപ്പ് ഇലവനിലെ ഓപ്പണര്‍മാര്‍. ടൂര്‍ണമെന്റില്‍ നിന്നും 36.71 റണ്‍സ് ശരാശരിയില്‍ 257 റണ്‍സാണ് രോഹിത് ടൂര്‍ണമെന്റില്‍ നിന്നും നേടിയത്. ഗുര്‍ബാസ് 281 റണ്‍സാണ് ടൂര്‍ണമെന്റില്‍ നിന്നും നേടിയത്. അതേസമയം ഓള്‍ റൗണ്ടര്‍മാരില്‍ മാര്‍കസ് സ്റ്റോയ്‌നിസ് 169 റണ്‍സും 10 വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ 144 റണ്‍സും 11 വിക്കറ്റും ലോകകപ്പില്‍ നിന്നും നേടിയിരുന്നു. ഫൈനല്‍ മത്സരത്തില്‍ 47 റണ്‍സടക്കം അക്‌സര്‍ പട്ടേലും മികച്ച പ്രകടനമാണ് ലോകകപ്പില്‍ നടത്തിയത്. ലോകകപ്പിന്റെ താരമായി മാറിയ ജസ്പ്രീത് ബുമ്ര 8.26 ശരാശരിയിലും 4.17 ഇക്കോണമി റേറ്റിലുമായി 15 വിക്കറ്റുകളാണ് വീഴ്ത്തിയത്. ജസ്പ്രീത് ബുമ്ര,അര്‍ഷദീപ് സിംഗ്,ഫസല്‍ ഹഖ് ഫാറൂഖി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ജെ ടീമില്‍ 12മാനായി തിരെഞ്ഞെടുക്കപ്പെട്ടൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article