ബാർബഡോസിൽ കനത്ത മഴയും ചുഴലിക്കാറ്റും, നാട്ടിലെത്താനാകാതെ കുടുങ്ങി ചാമ്പ്യന്മാർ

അഭിറാം മനോഹർ

തിങ്കള്‍, 1 ജൂലൈ 2024 (13:20 IST)
ടി20 ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിൻ്റെ നാട്ടിലേക്കുള്ള യാത്ര വൈകുന്നു. ബെറിൽ ചുഴലിക്കാറ്റിന് മുന്നോടിയായി കരീബിയൻ ദ്വീപുകളിൽ മഴ ശക്തമായതിനെ തുടർന്നാണ് താരങ്ങളുടെ നാട്ടിലേക്കുള്ള വിമാനയാത്ര നീളുന്നത്. താരങ്ങൾ താമസിക്കുന്ന ഹോട്ടൽ ചുരുങ്ങിയ ജീവനക്കാരുമായാണ് നിലവിൽ പ്രവർത്തിക്കുന്നത്. ലോകചാമ്പ്യന്മാരെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിക്കുന്നതിനെ പറ്റിയുള്ള ചിന്തയിലാണ് ബിസിസിഐ.
 
ബാർബഡോസിൽ നിന്നും ന്യൂയോർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യൻ ടീമിൻ്റെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ കാറ്റഗറി നാലിൽ പെടുന്ന ബെറിൽ ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മഴയും എത്തിയതോടെയാണ് യാത്ര മുടങ്ങിയിരിക്കുന്നത്. ഇന്നും അതിശക്തമായ മഴയാണ് ബാർബഡോസിൽ പ്രവചിച്ചിട്ടുള്ളത്. കാലാവസ്ഥ മെച്ചപ്പെട്ടാലുടൻ ടീമിനെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. താരങ്ങളും കുടുംബാംഗങ്ങളും പരിശീലകസംഘവും ഉൾപ്പടെ എഴുപതോളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
 
 ബാർബഡോസിലെ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ 11 വർഷങ്ങൾക്ക് ശേഷം ഐസിസി കിരീടത്തിൽ മുത്തമിട്ടത്. 2013ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടമാണിത്.കഴിഞ്ഞ വർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെയും ഏകദിന ലോകകപ്പിൻ്റെയും ഫൈനലിൽ എത്തിയിരുന്നെങ്കിലും 2 തവണയും ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍