2021ലെ തോൽവിയിൽ ഒന്നും പഠിക്കാത്ത ഇന്ത്യ, 2022ലെ ലോകകപ്പിലെ മടക്കം നാണം കെട്ട തോൽവിയിലൂടെ

Webdunia
ശനി, 24 ഡിസം‌ബര്‍ 2022 (15:03 IST)
ലോകം വീണ്ടുമൊരു ക്രിക്കറ്റ് ലോകകപ്പിന് വേദിയായ വർഷമായിരുന്നു 2022. 2021ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി എന്ന നാണക്കേട് മാറ്റനായിരുന്നു ഇന്ത്യ 2022ൽ ഇറങ്ങിയത്. ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്ററായ സൂര്യകുമാർ യാദവിൻ്റെ സാന്നിധ്യം, ഓൾറൗണ്ടറായി മികച്ച പ്രകടനം നടത്തുന്ന ഹാർദ്ദിക് പാണ്ഡ്യ, രോഹിത് ശർമ, വിരാട് കോലി,കെ എൽ രാഹുൽ എന്നീ സീനിയർ താരങ്ങൾ എന്നിങ്ങനെ മികച്ച ബാറ്റർമാരുടെ പടയുമായി ഇറങ്ങുന്ന ഇന്ത്യ ടൂർണമെൻ്റിലെ തന്നെ ടോപ്പ് ഫേവറേറ്റുകളായിരുന്നു.
 
എന്നാൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ,ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര എന്നിവരുടെ പരിക്ക് ടീമിന് തിരിച്ചടിയാകുകയും ചെയ്തു. 2021ലെ തോൽവിക്ക് ശേഷം ടീമിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന പ്രതീതി സൃഷ്ടിച്ച് മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾക്ക് ലോകകപ്പിന് മുൻപെ അവസരം നൽകിയെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ലാതെ 2021ലെ ടീമിനെ തന്നെയാണ് ഇന്ത്യ ലോകകപ്പിനിറക്കിയത്.
 
ഏഷ്യാക്കപ്പിൽ തീർത്തും നിറം മങ്ങിയിട്ടും കെ എൽ രാഹുൽ ടീമിൽ ഇടം നേടി. ഐപിഎല്ലിലെ മിന്നും പ്രകടനത്തിൻ്റെ പേരിൽ വെറ്ററൻ താരം ദിനേഷ് കാർത്തികും ടീമിൽ ഇടം നേടി. ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം ഫോമിൽ കളിക്കുന്ന കോലിയും ടീമിൻ്റെ ഭാഗമായി. അതേസമയം ബൈലാറ്ററൽ സീരീസുകളിൽ തിളങ്ങിയ യുവതാരങ്ങൾക്കാർക്കും ബാറ്ററായി ടീമിൽ ഇടം നേടാനായില്ല.
 
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയ പല സീരീസുകളിലും ഇന്ത്യൻ യുവതാരങ്ങളായിരുന്നു കളിച്ചിരുന്നത്. സ്ഥിരമായി ഒരു നായകൻ ഇല്ലാതെ പല ഫോർമാറ്റുകളിലും പല നായകന്മാരാണ് ഇന്ത്യയെ നയിച്ചത്. ഹാർദ്ദിക് പാണ്ഡ്യ,കെ എൽ രാഹുൽ ശിഖർ ധവാൻ.  ഇതെല്ലാം തന്നെ ലോകകപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനെതിരെ ഏറ്റുവാങ്ങിയ തോൽവിക്ക് പകരം വീട്ടികൊണ്ടാണ് ഇന്ത്യ ടൂർണമെൻ്റിന് തുടക്കമിട്ടത്.
 
ഏറെക്കാലത്തെ തൻ്റെ മോശം ഫോമിൽ നിന്നും മുക്തനായി കോലി കളം നിറഞ്ഞു കളിച്ച മത്സരത്തിൽ ഐതിഹാസിക വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടത്. 2 ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരായി ഇന്ത്യയും ഇന്ത്യ,പാകിസ്ഥാൻ,ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവരാണ് സെമിയിൽ യോഗ്യത നേടിയത്. എന്നാൽ 2021ൽ നേരിട്ട അപമാനത്തിന് സമാനമായ അനുഭവമായിരുന്നു 2022ലെ സെമിഫൈനലിൽ ഇന്ത്യയെ കാത്തിരുന്നത്.
 
അതുവരെയും വിരാട് കോലിയുടെയും സൂര്യകുമാർ യാദവിൻ്റെയും ബാറ്റിംഗ് പ്രകടനങ്ങളുടെ മികവിൽ സെമിയിലേക്ക് കുതിച്ച ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ തീർത്തും പരാജയപ്പെട്ടുപോയി. സൂര്യകുമാർ തിളങ്ങാതിരുന്ന മത്സരത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ  ജോസ് ബട്ട്‌ലറും അലക്സ് ഹെയ്ൽസും ചേർന്ന ഓപ്പണിങ് ജോഡി ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.
 
ടി20 ലോകകപ്പിൻ്റെ ചരിത്രത്തിൽ വീണ്ടുമൊരു 10 വിക്കറ്റ് തോൽവി ഇന്ത്യ ഏറ്റുവാങ്ങി. 2021ലെ ലോകകപ്പിൽ പാകിസ്ഥാൻ്റെ  മുഹമ്മദ് റിസ്വാനും ബാബർ അസവും ചേർന്ന ഓപ്പണിങ് ജോഡി ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ അടിച്ചെടുത്തതിന് സമാനമായി ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ വിജയം നേടി. ഫൈനൽ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇഞ്ചോടിഞ്ച് പോരുതികൊണ്ട് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സ്വന്തമാക്കി. ഇംഗ്ലണ്ടിൻ്റെ സാം കറനായിരുന്നു ടൂർണമെൻ്റിലെ താരം. റൺ വേട്ടക്കാരുടെ പട്ടികയിൽ 6 മത്സരങ്ങളിൽ നിണ്ണ് 296 റൺസോടെ വിരാട് കോലി ഒന്നാമതെത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article