ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് ഡിവില്ലിയേഴ്‌സും മഴയും

ചൊവ്വ, 24 മാര്‍ച്ച് 2015 (17:56 IST)
ലോകകപ്പില്‍ നിര്‍ഭാഗ്യങ്ങള്‍ തങ്ങളെ വിടാതെ പിന്തുടരുകയാണെന്ന് ദക്ഷിണാഫ്രിക്ക ഒരിക്കല്‍ കൂടി ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുത്തു. എത്ര മികച്ച ടീമിനെ അണി നിരത്തിയാലും പരാജയം വിടാതെ പിന്തുടരുന്നു.  1992, 1999, 2007 വര്‍ഷങ്ങളില്‍ സെമിയില്‍ എത്തിയപ്പോള്‍ 1996, 2011 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടറിലും എത്തി. 2003ല്‍ പ്രാഥമിക റൌണ്ടില്‍ പുറത്താകുകയും ചെയ്തു. എന്നാല്‍ 2015 ലോകകപ്പിനായി എത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇതുവരെയുള്ള ടീമുകളില്‍ വെച്ച് ഏറ്റവും മികച്ചതായിരുന്നു. എന്നിട്ടും ചരിത്രം ആവര്‍ത്തിച്ചു, പടിക്കല്‍ കലമുടച്ച് നാട്ടിലേക്ക് തിരികെ മടക്കം.

നിര്‍ണായകമായ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്ത് പോകാനായിരുന്നു വിധി. ഇത്തവണയും അവരെ തോല്‍പ്പിച്ചത് മഴയും ദൌര്‍ഭാഗ്യങ്ങളും തന്നെയായിരുന്നു. മികച്ച റണ്‍റേറ്റില്‍ എബി ഡിവില്ലിയേഴ്‌സും ഹാഫ് ഡു പ്ലെസിയും ക്രീസില്‍ നില്‍ക്കുന്ന സമയത്തായിരുന്നു മഴ എത്തിയത്. 38 ഓവറില്‍ 216ന് മൂന്ന് എന്ന ശക്തമായ നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായത്. പിന്നീട് മഴ നിയമ പ്രകാരം കളി പുനര്‍നിശ്ചയിച്ചപ്പോള്‍ കളി 43 ഓവറാക്കി വെട്ടിച്ചുരുക്കി. 42 ഓവറിന് ശേഷം തകര്‍ത്തടിക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ അതോടെ തകരുകയായിരുന്നു. ഡിവില്ലിയേഴ്‌സും ഹാഫ് ഡു പ്ലെസിയും ക്രീസില്‍ നിലയുറപ്പിച്ച വേളയിലായിരുന്നു മഴ നിയമം ഇരുട്ടടിയായത്. വമ്പന്‍ ഷോട്ടിന് ശ്രമിച്ച്  ഡു പ്ലെസി പുറത്തായെങ്കിലും അവസാന ഓവറുകളില്‍ ഡേവിഡ് മില്ലര്‍ 18 പന്തുകളില്‍ 49 റണ്‍സ് നേടി ടീമിന് മികച്ച ടോട്ടല്‍ സമ്മാനിക്കുകയും ചെയ്തു. എന്നാല്‍ വെടിക്കെട്ട് താരം ഡിവില്ലിയേഴ്‌സ് ക്രീസില്‍ നില്‍ക്കെയാണ് 43ഓവര്‍ പൂര്‍ത്തിയായത്.

പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് ദൌര്‍ഭാഗ്യം സമ്മാനിച്ചത് എബി ഡിവില്ലിയേഴ്‌സായിരുന്നു. ന്യൂസിലന്‍ഡ് വിജയത്തില്‍ നിര്‍ണായക കൂട്ടുകെട്ടായിരുന്ന ആന്‍ഡേഴ്‌സന്‍-എലിയറ്റ് സഖ്യത്തെ പൊളിക്കാനുള്ള സുവര്‍ണാവസരം ദക്ഷിണാഫ്രിക്കന്‍ നായകന്‍ പാഴാക്കുകയായിരുന്നു. ഡെയ്‌ല്‍ സ്‌റ്റെ‌ല്‍ എറിഞ്ഞ 33മത്തെ ഓവറില്‍ ഗ്രാന്‍റ് എലിയട്ടിനെ റണ്‍ ഔട്ടാക്കാനുള്ള അവസരമാണ് എ ബി നശിപ്പിച്ചത്. അപ്പോള്‍ 31.3 ഓവറില്‍ നാലിന് 204 എന്ന നിലയിലായിരുന്നു ന്യൂസിലാന്‍ഡ്. അവര്‍ക്ക് ജയിക്കാന്‍ 11.3 ഓവറില്‍ 94 റണ്‍സ് വേണമായിരുന്നു. ഈ സമയത്ത് വിക്കറ്റ് പോയിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മാറി മറിഞ്ഞേനെ. ഇത് കൂടാതെ എലിയട്ടിനെ പുറത്താക്കാന്‍ ലഭിച്ച നാല് അവസരങ്ങളും അവര്‍ പാഴാക്കി.

ഫീല്‍ഡിംഗില്‍ എന്നും ലോകത്തര മികവ് കാണിക്കുന്നവരാണ് എന്നാ ഇന്ന്  ദക്ഷിണാഫ്രിക്കക്കാര്‍ക്ക് തൊട്ടതെല്ലാം പിഴച്ചു. ക്യാച്ചുകള്‍ കൈവിട്ടും റണ്‍ഔട്ട് അവസരങ്ങള്‍ പാഴാക്കിയും അവര്‍ സ്വയം കുഴി തോണ്ടി. ഫീല്‍ഡര്‍മാരുടെ മോശം പ്രകടനം മല്‍സരഗതി പലപ്പോഴും മാറ്റിമറിക്കുന്ന കാഴ്ചയായിരുന്നു പതിനൊന്നാമത് ലോകകപ്പിലെ ആദ്യ സെമിയില്‍ കാണാനായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക