ഇന്ത്യ - ഓസ്ട്രേലിയ ലോകകപ്പ് സെമി ഫൈനല്‍ പൂരത്തിനായി സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ട് ഒരുങ്ങിയെങ്കിലും ആര്‍ത്തിരമ്പിയെത്തിയത് ഇന്ത്യന്‍ ആരാധകര്‍. 42000 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തില്‍ എഴുപത് ശതമാനവും ഇന്ത്യന്‍ ആരാധകരാണ് എത്തിയത്. ഹിന്ദിയിലും ഗുജറാത്തിയിലും പിന്നെ മലയാളത്തിലും ഇന്ത്യന്‍ ടീമിനുവേണ്ടി തിമര്‍ക്കുകയായിരുന്നു ആരാധകര്‍. ആദ്യ പന്തെറിയും മുന്‍പ് തന്നെ നീലക്കടലായിക്കഴിഞ്ഞിരുന്നു സ്‌റ്റേഡിയം.
ഇന്ത്യന്‍ ആരാധകരില്‍ ബഹുഭൂരിപക്ഷയും ടീമിന്റെ നീലജെഴ്‌സിയണിഞ്ഞാണ് എത്തിയിരിക്കുന്നത്. അതിനാല്‍ ഒറ്റ നോട്ടത്തില്‍ ഗ്യാലറി മുഴുവനും നീലമയം ആയിരുന്നു, അതായത് നീലക്കടലിന്റെ മാതൃക. ഒട്ടമിക്കയാളുടെ കൈയിലും മലയാളം ഉള്‍പ്പടെയുള്ള ഭാഷകളിലുള്ള പ്ലക്കാര്‍ഡുകളുമുണ്ടായിരുന്നു. ചെണ്ടയും ബാന്‍ഡുകളും വലിയ ശബ്‌ദം പുറത്തുവിടുന്ന കുഴലുകളും ഏന്തിയായിരുന്നു മിക്കവരും എത്തിയത്. ശംഖിലൂടെ ഇന്ത്യന്‍ ടീമിനായി ഊതിയവരും നിരവധിയായിരുന്നു.
ഓക്‌ലന്‍ഡില്‍ നിന്ന് സിഡ്‌നിയിലേക്ക് ഈ ഒരു മത്സരം കാണാന്‍ വേണ്ടി എത്തിയവര്‍ ധാരാളമായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 38,663 ടൂറിസ്റ്റ് വിസയ്ക്കുള്ള അപേക്ഷകള്‍ ലഭിച്ചതായി ഓസ്‌ട്രേലിയന്‍ ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
(ചിത്രത്തിന് കടപ്പാട് മാതൃഭൂമിയോട്)