ലോകക്രിക്കറ്റിലെ ശക്തന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ജയമാണ് വെസ്‌റ്റ് ഇന്‍ഡീസിനെതിരെ അയര്‍ലന്‍ഡ് നേടിയത്. ആരെയും കൊതിപ്പിക്കുന്ന കളിയിലൂടെ തങ്ങള്‍ ക്രിക്കറ്റിലെ കുഞ്ഞന്മാരല്ലെന്ന് തെളിയിക്കുന്ന നിമിഷമാണ് ലോകകപ്പിന്റെ മൂന്നാം ദിവസം കണ്ടത്.
വെസ്‌റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 304 വളരെ നിസാരമായി പിന്തുടര്‍ന്ന് ജയിക്കുക. മുന്‍നിര ബാറ്റ്‌സ്‌മാന്മാര്‍ തങ്ങളുടെ കടമ നിര്‍വഹിക്കുക, ഒരിക്കലും സമ്മര്‍ദ്ദത്തിന് അടിപ്പെടാത മനോഹരമായി ബാറ്റ് ചെയ്യുക എന്നീ ശൈലി സ്‌റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ രീതിയായിരുന്നു. ഈ രീതി വരച്ചുകാട്ടുന്നതു പോലെയാണ് വിന്‍ഡീസിനെതിരെ അയര്‍ലന്‍ഡ് ബാറ്റ് ചെയ്‌തത്. അവരുടെ ജയത്തെ ഒരിക്കലും അട്ടിമറിയെന്നോ, ഭാഗ്യത്തിന്റെ രൂപത്തില്‍ വന്ന ജയമെന്നോ പറഞ്ഞു കൂടാ. കാരണം ആന്‍ഡ്രൂ സ്ട്രോസിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിനെ 2011 ലോകകപ്പില്‍ പിന്തുടര്‍ന്ന് തോല്‍പ്പിച്ച് കരുത്ത് തെളിയിച്ചവരാണ് അയര്‍ലന്‍ഡ്.
ഇന്നത്തെ കളിയെക്കുറിച്ച് പറയുകയാണെങ്കില്‍ തികച്ചും ആധികാരിക ജയമാണ് അയര്‍ലന്‍ഡ് നേടിയത്. 304 എന്ന മികച്ച ടോട്ടല്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ പിന്തുടരുക. ഓപ്പണര്‍മാരായ വില്യം പോട്ടര്‍ഫീല്‍ഡ് - പോള്‍ സ്‌റ്റിര്‍ലിംഗ് സഖ്യം ആദ്യ വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ സ്‌റ്റിര്‍ലിംഗും എഡ് ജോയ്‌സും ചേര്‍ന്ന് 106 റണ്‍സ് കൂട്ടിച്ചേര്‍ത്തതും അയര്‍ലന്‍ഡിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു. കളിയുടെ ഒരു ഘട്ടത്തില്‍ പോലും വിന്‍ഡീസ് തിരിച്ചുവരാന്‍ സാധിക്കാതിരുന്നപ്പോള്‍ അയര്‍ലന്‍ഡിന് ഒരിക്കല്‍ പോലും തിരികെ നോക്കേണ്ട സാഹചര്യവും ഉണ്ടായില്ല.
ഇന്നിംഗ്‌സിന് അടിത്തറ പാകിയ സ്‌റ്റിര്‍ലിംഗ് സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ വെച്ച് പുറത്തായപ്പോള്‍ ജയമെന്ന കടമ്പ കടക്കാന്‍ നിയാല്‍ ഒബ്രയാന്‍ നടത്തിയ പോരാട്ടം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നതില്‍ സംശയമില്ല. കൂട്ടുക്കെട്ടുകളിലൂടെ റണ്‍സ് കണ്ടെത്തുക ഒപ്പം തന്നെ റണ്‍ നിരക്ക് താഴാതെ പിടിച്ചു നിര്‍ത്തുക എന്ന തന്ത്രങ്ങള്‍ കളത്തില്‍ തെളിയിക്കുകയായിരുന്നു അയര്‍ലന്‍ഡ്.
ഈ സാഹചര്യത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമടക്കമുള്ള വമ്പന്മാര്‍ അണിനിരക്കുന്ന പൂള്‍ ബിയിലെ ഏറ്റവും ശക്തരായ ടീമാണ് തങ്ങളെന്ന് അയര്‍ലന്‍ഡ് തെളിയിക്കുകയും ചെയ്തു. ലോകകപ്പ് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പലരുടെയും ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുന്നവരാണ് തങ്ങളെന്ന് 2015 ലോകകപ്പിലും അയര്‍ലന്‍ഡ് തെളിയിച്ചു.