പാകിസ്ഥാന്‍ ചരിത്രമെഴുതിയ 1992 ലോകകപ്പ്

ശനി, 14 ഫെബ്രുവരി 2015 (14:25 IST)
ക്രിക്കറ്റ് ചരിത്രത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ് 1992 ലോകകപ്പ്. ആധുനിക ക്രിക്കറ്റിലെ തുടക്കം കുറിക്കലിനും, ലോകത്തര താരങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും സാക്ഷ്യം വഹിച്ചിരുന്ന ലോകകപ്പ്. ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തി  പാകിസ്ഥാന്‍ ചരിത്രം കുറിച്ചപ്പോള്‍ ക്രിക്കറ്റിന് ലോകത്തിന് അതൊരു പുതുവസന്തമായിരുന്നു.

ഇന്നത്തെ ടെസ്‌റ്റ് വേഷങ്ങളായിരുന്നു അന്നുവരെ ഏകദിന ക്രിക്കറ്റില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കളറുള്ള ജേഴ്‌സികളും, മത്സരങ്ങള്‍ പകലും രാത്രിയുമായി നടന്നതും 1992 ലോകകപ്പിലായിരുന്നു. ക്രിക്കറ്റിലെ വിലക്ക് മാറി ദക്ഷണാഫ്രിക്ക കളത്തില്‍ തിരികെയെത്തിയപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ബ്രയന്‍ ലാറ, ഇന്‍ സമാം ഉള്‍ഹഖ്, മാര്‍ക്ക് വോ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റ വേദികള്‍ കൂടിയായിരുന്നു. ഒരു ഫീല്‍ഡര്‍ എങ്ങനെ ഫീല്‍ഡ് ചെയ്യണമെന്ന് ജോണ്ടി റോക്‍സ് ക്രിക്കറ്റ് ലോകത്തിന് കാണിച്ച് കൊടുത്ത വേള കൂടിയായിരുന്നു അത്.

എട്ട് രാജ്യങ്ങള്‍ തമ്മില്‍ ആദ്യ റൌണ്ടില്‍ ഏറ്റുമുട്ടുകയും അതില്‍ നിന്ന് മികച്ച നാല് പേര്‍ സെമിയെലുത്തുന്ന രീതിയുമായിരുന്നു അന്ന് പിന്തുടര്‍ന്നിരുന്നത്. ഓക്ലണ്ടില്‍ നടന്ന ആദ്യസെമിയില്‍ ന്യൂസിലന്‍ഡും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ മാര്‍ട്ടിന്‍ ക്രോ (91), റൂഥര്‍ ഫോര്‍ഡ് (50) എന്നിവരുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 267 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ ഇന്‍സമാം ഉള്‍ ഹഖ് (60) മിയാന്‍ ദാദ് (57*) എന്നിവരുടെ മികവില്‍ 49മത് ഓവറില്‍ നാല് വിക്കറ്റ് ജയത്തോടെ ഫൈനലിലേക്ക് ചുവടുവെക്കുകയായിരുന്നു.

രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ദക്ഷണാഫ്രിക്ക പോരാട്ടമായിരുന്നു. സിഡ്‌നിയില്‍ നടന്ന 45 ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഗ്രേം ഹിക്ക് (83), അലക്‍സ് സ്റ്റ്യുവാര്‍ട്ട് (33) എന്നിവരുടെ മികവില്‍ 252 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷണാഫ്രിക്ക മഴ നിയമപ്രകാരം പുറത്താകുകയും ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുകയുമായിരുന്നു.

ഫൈനലില്‍ ഇംഗ്ലണ്ട് പാകിസ്ഥാന്‍ പോരാട്ടം വന്നപ്പോള്‍ ഇംഗ്ലീഷുകാര്‍ തോല്‍‌വി സമ്മതിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ ഇമ്രാന്‍ ഖാന്‍ (72), മിയാന്‍ ദാദ് ( 58) എന്നിവരുടെ മികവില്‍ 249 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 49.2 ഓവറില്‍ 227 റണ്‍സിന് പുറത്താകുകയായിരുന്നു. വാസിം അക്രം മാന്‍ ഓഫ് ദ മാച്ച് ആയ മത്സരത്തില്‍ പാകിസ്ഥാന്‍ കപ്പുയര്‍ത്തുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക