ലോക കപ്പ് നേടിയ ടീം പിന്നീട് ഒരുമിച്ച് കളിക്കാതിരിക്കാന്‍ അണിയറയിൽ നടന്നത് വമ്പൻ കളി; ധോണിയുടെ പങ്കെന്ത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

അനു മുരളി
തിങ്കള്‍, 27 ഏപ്രില്‍ 2020 (14:10 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നാണ് 2011 ലെ ലോകക്കപ്പ് വിജയം. സച്ചിനും സെവാഗും ഗംഭീറും യുവാരജും അടങ്ങിയ ടീം ലോകകപ്പ് ഉയര്‍ത്തിയത് ഈ തലമുറയിലെ കളിയാരാധകര്‍ക്ക് മറക്കാന്‍ കഴിയുകയില്ല. ലോകകപ്പ് ടീമിലെ സീനിയര്‍ താരങ്ങളായിരുന്ന സച്ചിനെയും സെവാഗിനെയും പോലുള്ളവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ കോഹ്‌ലിയും അശ്വിനും അടങ്ങുന്ന സംഘം ഇന്നും ദേശീയ ടീമില്‍ കളിതുടരുന്നുമുണ്ട്.
 
ഇന്ത്യക്ക് രണ്ടാമത് ഏകദിന കിരീടം സമ്മാനിച്ച അതേ ഇലവന്‍ പിന്നെ ഒരിക്കലും ഒരുമിച്ച് കളിച്ചിട്ടില്ലെന്നത് പകൽ പോലെ സത്യമാണ്. ഇപ്പോഴിതാ, അതിന് പിന്നിൽ വമ്പൻ കളികൾ നടന്നിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്റെ കോളിളക്കമുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. 
 
'2011 ലോക കിരീടം നേടിയ അതേ ഇലവന്‍ പിന്നെ ഒരിക്കലും ഒരുമിച്ച് കളിച്ചിട്ടില്ല. എല്ലാവരേയും പരസ്പരം അകറ്റി നിര്‍ത്താന്‍ പലരും കളിച്ചു. അണിയറയിൽ നടന്ന കളി എന്തൊക്കെയായിരുന്നു എന്ന് വെളിപ്പെടുത്തേണ്ട സമയം വരും. ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഇതിനെ കുറിച്ചെല്ലാം വെളിപ്പെടുത്തി ഒരു പുസ്തകം എഴുതേണ്ട സമയമായിരിക്കുന്നു. സംഭവിച്ചതിനെ എല്ലാം കുറിച്ച് ഒരു സത്യസന്ധമായ പുസ്തകം’ എന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ട്വീറ്റ് വൈറലായി നിമിഷനേരത്തിനുള്ളിൽ ഹര്‍ഭജന്‍ സിംഗ് തന്നെ ഇത് ഡിലീറ്റ് ചെയ്തു.
 
ലോക കപ്പില്‍ മികവ് കാണിച്ച ഹര്‍ഭജന്‍, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ് എന്നിവര്‍ക്ക് ലോകകപ്പിന് ശേഷം കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. ഇവരുടെ കരിയർ പിന്നീട് പുറകോട്ടായിരുന്നു യാത്ര ചെയ്തത്. ലോക കപ്പിന് ശേഷം 2012-ല്‍ നടന്ന ഓസീസ് പര്യടനത്തില്‍ റൊട്ടേഷന്‍ പോളിസിയുമായി ധോണി എത്തുക കൂടി ചെയ്തതോടെ ഇവരുടെ മുന്നോട്ടേക്കുള്ള യാത്ര സുഖമമായില്ല. 
 
റോട്ടേഷൻ പോളിസിയുമായി ധോണി എത്തിയതോടെ പലരുടെയും യാത്ര പാതിവഴിയിൽ അവസാനിച്ചു. ടീമിലെ മുതിര്‍ന്ന താരങ്ങളായ സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവരെ പ്ലേയിംഗ് ഇലവനില്‍ ഒരുമിച്ച് ഉള്‍പ്പെടുത്താതിരിക്കാൻ വേണ്ടിയായിരുന്നു ധോണിയുടെ ആ നീക്കം. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഗംഭീര്‍ തന്നെ ധോണിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഡ്രസിംഗ് റൂമില്‍ പറയാതെ റൊട്ടേഷന്‍ പോളിസിയുടെ കാര്യം ധോണി മാധ്യമങ്ങളോട് പറഞ്ഞു എന്നും ഗംഭീര്‍ വെളിപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article