ഗുജറാത്ത് ലയണ്‍സിന് ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം

വ്യാഴം, 28 ഏപ്രില്‍ 2016 (09:26 IST)
ഐ പി എല്‍ ഒമ്പതാം സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്നലെ നടന്നത്. അവസാനപന്തുവരെ വിജയ സാധ്യത മാറിമറിഞ്ഞ പോരാട്ടത്തിനൊടുവില്‍ സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്‍സിന് ഒരു റണ്‍ ജയം. ഗുജറാത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അവസാനംവരെ പൊരുതിയെങ്കിലും ലക്ഷ്യത്തിന് ഒരുറണ്‍ അകലെ കീഴടങ്ങി. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 171ല്‍ അവസാനിച്ചു.
 
ഓപണര്‍മാരായ ഡ്വെ്ന്‍ സ്മിത്തും ബ്രണ്ടന്‍ മക്കല്ലവും മികച്ച തുടക്കമാണ്  ഗുജറാത്തിന് സമ്മാനിച്ചത്. സ്മിത്ത് 30 പന്തില്‍ 53 റണ്‍സും, ബ്രണ്ടന്‍ മക്കല്ലം 36 പന്തില്‍ 60 റണ്‍സും നേടി. ഡല്‍ഹി ക്യാപ്റ്റന്‍ സഹീര്‍ എറിഞ്ഞ ഓപ്പണിങ് ഓവറില്‍ 18 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. ആദ്യത്തെ അഞ്ച് ഓവറില്‍ 63ഉം, 10 ഓവറില്‍ 110 റണ്‍സുമായിരുന്നു ഗുജറാത്ത് സ്കോര്‍. എന്നാല്‍ പതിനൊന്നാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞതോടെ റണ്‍‌റേറ്റ് കുറയുകയായിരുന്നു.
 
എന്നാല്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഡല്‍ഹിയുടേത്. ഡി കോക്ക് (5), സഞ്ജു (1), കരുണ്‍ നായര്‍ (9) എന്നിവര്‍ നാല് ഓവറിനകം കൂടാരം കയറി. തോല്‍വിയിലേക്ക് നീങ്ങിയ ഡല്‍ഹിക്ക് ജെ പി ഡുമിനിയും (43 പന്തില്‍ 48), ക്രിസ് മോറിസും (32 പന്തില്‍ 82 നോട്ടൗട്ട്) നടത്തിയ മിന്നും പ്രകടനം വിജയപ്രതീക്ഷകള്‍ നല്‍കി. നാലാം വിക്കറ്റില്‍ 87 റണ്‍സാണ് ഇവര്‍ നേടിയത്. അവസാന ഓവറില്‍ പവന്‍നേഗിയെ കൂട്ടുപിടിച്ചും മോറിസ് പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. രണ്ട് വിക്കറ്റ് കൂടി നേടിയ മോറിസ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

വെബ്ദുനിയ വായിക്കുക