ഇന്ത്യന്‍ ബാറ്റിംഗ്നിരയിലെ രണ്ടോ മൂന്നോ വിക്കറ്റുകള്‍ വീണുകഴിഞ്ഞാല്‍ പിന്നെ, ഡ്രസിംഗ് റൂമില്‍ നിന്ന് ഗ്രൌണ്ടിലൂടെ ക്രീസിലേക്ക് ഒരു സിംഹത്തിന്‍റെ വരവ് കാണാം. സാക്ഷാല്‍ വിരാട് കൊഹ്‌ലിയുടെ വരവ്. ഒരു സ്റ്റേഡിയത്തിലെ എഴുപതിനായിരത്തോളം പേര്‍ ‘ഇന്ത്യ... ഇന്ത്യ...’ എന്ന് വിളിക്കുന്നതിനൊപ്പം തന്നെ ‘വിരാട്... വിരാട്’ എന്ന് ആര്‍ത്തുവിളിക്കുന്ന സമയം.
ക്രീസില്‍ വിരാട് കൊഹ്‌ലി നില്‍ക്കുമ്പോള്‍ മുമ്പ് സച്ചിന്‍ നിന്നതുപോലെയോ അതിനപ്പുറമോ ആണ് ഇപ്പോള്‍ ആരാധകര്‍ക്ക്. അവര്‍ക്ക് ഒരു വിശ്വാസമുണ്ട്. വിരാട് കൊഹ്‌ലി ഇന്ത്യയെ ജയിപ്പിക്കും. 90 ശതമാനം കളികളിലും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നു എന്നതാണ് കൊഹ്‌ലിയുടെ വിജയം. പെണ്‍കുട്ടികളിലും സ്ത്രീകളിലും ആരാധനയുടെ രഥോത്സവം സൃഷ്ടിക്കാന്‍ വിരാട് കൊഹ്‌ലിക്ക് കഴിയുന്നു. ട്വന്‍റി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ മാസ്മരിക പ്രകടനത്തോടെ അത് ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു.
വിരാട് കൊഹ്‌ലി ഗ്രൌണ്ടില്‍ നടത്തുന്ന ഓരോ ചലനവും ആരാധനയോടെയും ആകാംക്ഷയോടെയും വീക്ഷിക്കുന്ന പെണ്‍കുട്ടികള്‍ ലക്ഷക്കണക്കിനാണ്. ഇത്രയും ചടുലമായ ചലനങ്ങളുള്ള, ഇത്രയും ആക്രമണോത്സുകനായ, ഇത്രയും സമര്‍പ്പണമുള്ള ഒരു കളിക്കാരനെ അപൂര്‍വത്തില്‍ അപൂര്‍വമായേ കാണാന്‍ കഴിയൂ.
കഴിഞ്ഞ ദിവസം തുടരന്‍ ബൌണ്ടറികളും സിക്സറും പായിച്ച ശേഷം മുഷ്ടിചുരുട്ടി വായുവില്‍ നടത്തിയ ഇടി, എതിരാളിയോട് ശക്തമായി ബാറ്റുകൊണ്ട് പ്രതികരിക്കുമ്പോള്‍ കാണിക്കുന്ന സ്വാഭാവികമായ ആവേശം കൊള്ളലാണ്. അത് മറ്റുപല താരങ്ങളും കാണിക്കാറുണ്ട്. എങ്കിലും വിരാട് കൊഹ്‌ലി അത് ചെയ്യുമ്പോള്‍ അതിന് പ്രത്യേക സൌന്ദര്യമുണ്ടാകുന്നു.
ഇന്ന് ഇന്ത്യന്‍ ടീമിലെ ഏറ്റവും അഗ്രസീവായ കളിക്കാരനാണ് കൊഹ്‌ലി. അതേസമയം ഒരു പുഞ്ചിരികൊണ്ട് ലോകത്തേറ്റവും നൈര്‍മല്യമുള്ള മനുഷ്യനാകാനും കൊഹ്‌ലിക്ക് കഴിയുന്നു. പെണ്‍കുട്ടികള്‍ക്ക് കൊഹ്‌ലിയോടുള്ള ആരാധന അതുകൊണ്ടുകൂടിയാണ്. കല്ലുപോലെയും പൂവുപോലെയും പെരുമാറാനറിയുന്ന ഒരാള്‍.
കൊഹ്‌ലിയുടെ കരുത്തും സൌന്ദര്യവുമുള്ള ടാറ്റൂകളാണ് സ്ത്രീമനസുകള്‍ കീഴടക്കിയ മറ്റൊരു ഘടകം. ടാറ്റൂകളാല്‍ സമൃദ്ധമായ ആ ശരീരത്തിന്‍റെ ഭംഗി ആരാണ് ആസ്വദിക്കാത്തത്? “ഞാന്‍ ടാറ്റൂകള്‍ ഇഷ്ടപ്പെടുന്നു. യഥാര്‍ത്ഥ ഞാന്‍ ആരാണെന്നുള്ളതിന്‍റെ പ്രതീകാത്മക ചിത്രീകരണമാണത്” - ശരീരത്ത് പതിച്ചിരിക്കുന്ന ടാറ്റൂകളെക്കുറിച്ചുള്ള കൊഹ്‌ലിയുടെ പ്രതികരണമാണിത്.
കൊഹ്‌ലിയുടെ ഇടതുഷോള്‍ഡറിലെ ടാറ്റൂ വാളുയര്‍ത്തി നില്‍ക്കുന്ന ഒരു സമുറായിയുടേതാണ്. അദ്ദേഹത്തിന്‍റെ സ്വഭാവത്തിന്‍റെ യഥാര്‍ത്ഥത്തിലുള്ള ഭാവം തന്നെ. ഒരു വീരപുരുഷനോടുള്ള ആരാധന കൊഹ്‌ലിയോട് പെണ്‍കുട്ടികളില്‍ വളര്‍ന്നതിന് മറ്റെന്ത് കാരണമാണ് വേണ്ടത്?