സേവാഗിനു മുന്നില്‍ ബംഗ്ലാദേശ് കറങ്ങിവീണു

ബുധന്‍, 16 ജൂണ്‍ 2010 (20:51 IST)
ബംഗ്ലാദേശിനെ കറക്കി വീഴ്ത്തി ഏഷ്യാകപ്പില്‍ ഇന്ത്യ പ്രയാണം തുടങ്ങി. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്‍ഷ്യം നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. വെറും ആറു റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ വീരേന്ദര്‍ സേവാഗും 28 റണ്‍സിന് രണ്ടുവിക്കറ്റെടുത്ത നെഹ്‌റയുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നെ അത് 100 - 4 എന്ന നിലയിലായി. 12 റണ്‍സ് എടുക്കുന്നതിനിടെയാണ് അവരുടെ ആറുവിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശിനെ പന്തുകൊണ്ട് നിലം‌പരിശാക്കുകയാണ് സേവാഗ് ചെയ്തത്.

ആറു റണ്‍സിന് നാലുവിക്കറ്റെടുത്ത സേവാഗിന്‍റെ ഈ നേട്ടം നാലു വിക്കറ്റ് നേട്ടത്തിന്‍റെ ചരിത്രത്തില്‍ രണ്ടാം സ്ഥാനം നേടി. ഹര്‍ഭജന്‍ സിംഗ്, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തമിം ഇഖ്ബാല്‍(22), ഇം‌റുള്‍ കയേസ്(37), മൊഹമ്മദ് അഷ്‌റഫുള്‍(20), മുഷ്‌ഫിഖര്‍ റഹിം(30), മഹ്‌മദുള്ള(23) എന്നിവരാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഗൌതം ഗംഭീറിന്‍റെ അര്‍ദ്ധസെഞ്ച്വറി(82)യാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തേകിയത്. 38 റണ്‍സെടുത്ത് ധോണിയും തിളങ്ങി. ഇന്ത്യയ്ക്ക് വിജയലക്‍ഷ്യം കണ്ടെത്താന്‍ വേണ്ടിവന്നത് 30.4 ഓവറുകള്‍ മാത്രം.

വെബ്ദുനിയ വായിക്കുക