സൂപ്പര്‍ എട്ടില്‍ നാണംകെട്ട തുടക്കം

ശനി, 29 സെപ്‌റ്റംബര്‍ 2012 (10:20 IST)
PRO
PRO
ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 140 റണ്‍സ് ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. വാട്‌സണിന്റെയും വാര്‍ണറുടെയും മികച്ച ബാറ്റിംഗാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്.

ഇന്ത്യക്കുവേണ്ടി ഗംഭീറിനൊപ്പം ഓപ്പണിംഗിനിറങ്ങിയ ആള്‍‌ റൌണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ്(31) ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചത്. ഇര്‍ഫാന്‍ പതിനൊന്നാം ഓവര്‍ വരെ പിടിച്ചുനിന്നെങ്കിലും ഒരറ്റത്ത് പിന്തുണ നല്‍കാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞില്ല. വിരാട് കോഹ്‌ലി​(15), യുവരാജ് സിംഗ്(8), രോഹിത് ശര്‍മ്മ(1) എന്നിവര്‍ വളരെ കുറഞ്ഞ റണ്‍സ് എടുത്ത് പുറത്താകുകയായിരുന്നു. തുടര്‍ന്ന് റെയ്നയും(26), ധോണിയും(15), അശ്വിനും(16 നോട്ടൗട്ട്) ചേര്‍ന്നാണ് 140 വരെ എത്തിച്ചത്.

ഓസീസിനുവേണ്ടി​വാട്‌സണ്‍​മൂന്ന് വിക്കറ്റും കുമ്മിന്‍സ് രണ്ട് വിക്കറ്റും സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി​. അഞ്ച് സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ ബൗള്‍ ചെയ്തിട്ടും ഒരൊറ്റ ഓസീസ് വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് വീഴ്ത്താനായത്. 42 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്സും പറത്തിയ ഷെ‌യ്ന്‍ വാട്സണാണ്(72) പുറത്തായത്. വാട്‌സണിന് പിന്തുണയുമായി വാര്‍ണറ്(63) റണ്‍സ് നേടി ക്രീസില്‍ നിറഞ്ഞുനിന്നു. ബാറ്റിംഗിലും ബൌളിഗിലും ഒരു പോലെ തിളങ്ങിയ ഷെ‌യ്ന്‍ വാട്‌സണ്‍ തന്നെയാണ് കളിയിലെ താരം.

സൂപ്പര്‍ എട്ടിലെ ഈ പരാജയം ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇനി​അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാലേ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. നാളെ പാകിസ്ഥാനുമായും ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

വെബ്ദുനിയ വായിക്കുക