സച്ചിന്‍റെ ടീം 92ന് ഓള്‍‌ഔട്ടായി, രാജസ്ഥാന് തകര്‍പ്പന്‍ വിജയം

Webdunia
വ്യാഴം, 18 ഏപ്രില്‍ 2013 (11:00 IST)
PRO
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെട്ട മുംബൈ ഇന്ത്യന്‍സ് വെറും 92 റണ്‍സിന് പുറത്തായപ്പോള്‍ രാജസ്ഥാന്‍ റോയല്‍‌സിന് 87 റണ്‍സിന്‍റെ ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 179 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍‌മാരെല്ലാം കളി മറന്നപ്പോള്‍ മുംബൈക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.

ഓപ്പണര്‍മാരായ സച്ചിന്‍ ഒരു റണ്‍സിനും പോണ്ടിംഗ് നാല് റണ്‍സിനും മടങ്ങിയപ്പോള്‍ തന്നെ കളിയുടെ ഗതി നിര്‍ണയിക്കപ്പെട്ടിരുന്നു. രോഹിത്‌ ശര്‍മ്മ(2), പൊള്ളാര്‍ഡ്‌(1), ധവാന്‍(0) എന്നിവരും പെട്ടെന്ന് പുറത്തായതോടെ കളി രാജസ്ഥാന്‍റെ കൈകളിലെത്തി. പിന്നീട് ചടങ്ങുതീര്‍ക്കല്‍ മാത്രമായി മുംബൈയുടെ ഇന്നിംഗ്സ്. ദിനേശ്‌ കാര്‍ത്തിക്(30), അമ്പാട്ടി റായിഡു(27), മിച്ചല്‍ ജോണ്‍സണ്‍(11) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ പിടിച്ചുനിന്നത്. 18.2 ഓവറില്‍ 92 റണ്‍സിന്‌ മുംബൈ ഓള്‍ഔട്ടായി.

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ്‌ മൂന്നു വിക്കറ്റ്‌ നഷ്ടത്തില്‍ 179 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ(68), ബ്രാഡ് ഹോജ്(27), ഷെയ്ന്‍ വാട്സണ്‍(31), യാഗ്നിക്(34) എന്നിവരാണ് രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.