ടെസ്റ്റിലെ എറ്റവും മികച്ച വിക്കറ്റ് നേട്ടം കയ്യെത്തും ദൂരത്തു നില്‍ക്കുന്ന മുത്തയ്യാ മുരളീധരന് ഏറെ പ്രതീക്ഷയാണുള്ളത്. കാന്‍ഡിയിലെ സ്വന്തം കാണികളുടെ മുന്നില്‍ വച്ചു തന്നെ ഈ നേട്ടം കൊയ്യാനെത്തുകയാണ് മുരളീധരന്‍. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരകള്‍ക്കായി കാന്‍ഡിയില്‍ എത്തിയിരിക്കുകയാണ് മുരളി.
35കാരനായ ഈ സ്പിന്‍ മാന്ത്രികന് 708 എന്ന വിക്കറ്റ് നേട്ടത്തിലെത്താന്‍ വെറും അഞ്ചു വിക്കറ്റുകള്‍ കൂടി മതി. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടന വേളയില്‍ ഓസ്ട്രേലിയക്കാരനായ ഷെയിന്‍ വോണിന്‍റെ പേരിലുള്ള ഈ നേട്ടം മുരളി മറികടക്കുമെന്നായിരുന്നു കരുതിയത്.
എന്നാല്‍ മുരളിയെ ഫലപ്രദമായി തടഞ്ഞ ഓസ്ട്രേലിയക്കാര്‍ അവരുടെ മണ്ണില്‍ വച്ച് സ്വന്തം താരത്തിന്‍റെ റെക്കോഡ് മറി കടക്കാന്‍ ലങ്കന്‍ താരത്തെ അനുവദിച്ചില്ല. ഇക്കാര്യത്തില്‍ വോണ്‍ സ്വന്തം കളിക്കാര്‍ക്കു നന്ദി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച സ്വന്തം പട്ടണത്തില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ലങ്കന്‍ താരം ഓസീസ് താരത്തെ മറികടക്കാനുള്ള സാധ്യത ഏറെയാണ്.
മൂന്നു ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍. സ്വന്തം മണ്ണില്‍ മുരളിയെ നേരിടുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇംഗ്ലണ്ടിനു നന്നായിട്ടറിയാം. കാരണം കഴിഞ്ഞ 25 മത്സരങ്ങളില്‍ 205 വിക്കറ്റുകളാണ് മുരളി പിഴുതെറിഞ്ഞത്. എട്ടു മത്സരങ്ങള്‍ക്കു മുകളില്‍ വഴങ്ങിയ റണ്‍സിന്‍റെ ശരാശരിയാകട്ടെ 16.03 ഉം.
ഇതില്‍ ഒരു ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത് 20 തവണയും രണ്ടിന്നിംഗ്സിലുമായി 10 വിക്കറ്റുകള്‍ വീഴ്ത്തിയത് 8 കളികളിലുമായിരുന്നു. മുരളിയുടെ റെക്കോഡിനു വേദിയാകേണ്ടിയിരുന്നത് യഥാര്‍ത്ഥത്തില്‍ ഗെല്ലി യായിരുന്നു. എന്നാല്‍ കടലോര സ്റ്റേഡിയം സുനാമിയില്‍ തകര്‍ന്നു പോയതിനെ തുടര്‍ന്ന് പുനര്‍ നിര്‍മ്മാണം നടത്താന്‍ കാല താമസം നേരിടും എന്നതിനെ തുടര്‍ന്നായിരുന്നു കാന്‍ഡിയിലേക്ക് മാറ്റിയത്.