രാജസ്ഥാന്‍ രാജാവായി; റോയല്‍‌സിന് 19 റണ്‍സ് ജയം

ചൊവ്വ, 9 ഏപ്രില്‍ 2013 (10:50 IST)
PRO
PRO
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 19 റണ്‍സ് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത മത്സരം അവസാനിക്കാന്‍ ഒരോവര്‍ ശേഷിക്കവേ 125 റണ്‍സിന് ഓള്‍ ഔട്ടായി. 38 പന്തില്‍ 51 റണ്‍സെടുത്ത ഇയോണ്‍ മോര്‍ഗണാണ് കൊല്‍ക്കത്തയുടെ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഗംഭീര്‍ 22 റണ്‍സെടുത്തു. മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ സിദ്ധാര്‍ത്ഥ് ത്രിവേദിയും കൂപ്പറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ശുക്ലയുമാണ് കൊല്‍ക്കയുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ഇതു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രാജസ്ഥാന്‍ വിജയിക്കുന്നത്. നേരത്തെ ടോസ് നേടി രാജസ്ഥാനെ ബാറ്റിംഗിനയക്കാന്‍ തീരുമാനിച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ തീരുമാനത്തോട് നീതി പുലര്‍ത്തുന്ന പ്രകടമായിരുന്നു കൊല്‍ക്കത്തയുടെ ബോളര്‍മാര്‍ പുറത്തെടുത്തത്.

സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ഈ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ഷെയിന്‍ വാട്‌സണെ മോര്‍ഗന്റെ കൈകളില്‍ എത്തിച്ച് ബ്രെറ്റ് ലീ രാജസ്ഥാനെ വെട്ടിലാക്കി. സ്‌കോര്‍ ബോര്‍ഡില്‍ 46 റണ്‍സുള്ളപ്പോള്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായി. 17 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ മൂന്നാം വിക്കറ്റും വീണു.

നാലാം വിക്കറ്റില്‍ അജിങ്കായ രഹാനയും(36) ബ്രാഡ് ഹോഡ്ജും ഒത്തു ചേര്‍ന്നപ്പോള്‍ രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡ് ചലിക്കാന്‍ തുടങ്ങി. ഇരുവരുടേയും കൂട്ടുകെട്ട് വിലപ്പെട്ട 38 റണ്‍സ് രാജസ്ഥാന്റെ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 15-ാം ഓവറില്‍ രഹാനയുടേയും കൂപ്പറിന്റേയും വിക്കറ്റുകള്‍ വീഴ്ത്തി സുനില്‍ നരൈയന്‍ രാജസ്ഥാനെ പ്രതിരോധത്തിലാക്കി. അതോടെ രാജസ്ഥാന്റെ സ്‌കോറിംഗ് വേഗത നഷ്ടമായി. നിശ്ചിത ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 144 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയുടേയും തുടക്കം തകര്‍ച്ചയോടെയായിരുന്നു.

രണ്ടാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ഓപ്പണര്‍ മന്‍വിന്ദര്‍ ബിസ്ലയേയും(1) ജാക്വസ് കാലീസിനേയും(0) പുറത്താക്കി രാഹുല്‍ ശുക്ല കൊല്‍ക്കത്തെയെ ഞെട്ടിച്ചു. അധികം വൈകാതെ തീവാരി(14), ഗംഭീര്‍(22), പത്താന്‍(0), ശുക്ല(2) എന്നിവരും കൂടാരം കയറി. 10-ാം ഓവറില്‍ ശുക്ല പുറത്താകുമ്പോള്‍ രാജസ്ഥാന്റെ സ്‌കോര്‍ ആറിന് 56. 7-ാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബോളര്‍ രജ് ഭാട്ടിയയും ഇയോന്‍ മോര്‍ഗനും കൊല്‍ക്കത്തയുടെ സ്‌കോറിംഗ് വേഗത കൂട്ടി. ഇരുവരും ചേര്‍ന്ന് 34 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 14-ാം ഓവറില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 90 ല്‍ നില്‍ക്കുമ്പോള്‍ ഭാട്ടിയയും പുറത്തായി.

18-ാം ഓവറില്‍ മോര്‍ഗണും(51) പുറത്തായതോടെ കൊല്‍ക്കത്തയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

വെബ്ദുനിയ വായിക്കുക