ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ യുവരാജ് സിംഗ് കളിച്ചേക്കില്ല. ശ്വാസകോശത്തിന് ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവരാജിന് ആറ് മാസങ്ങള്‍ക്ക് ശേഷമേ മത്സരരംഗത്തേയ്ക്ക് തിരിച്ചെത്താനാകൂവെന്നാണ് റിപ്പോര്‍ട്ട്.
യുവരാജ് യുഎസ്സില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍. ട്യൂമര്‍ നീക്കം ചെയ്തെങ്കിലും യുവരാജ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളൂ. അതിനാല്‍ ഐ പി എല്ലില്‍ പങ്കെടുക്കാന്‍ യുവരാജിന് കഴിയില്ലെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.
ടീമിന് യുവരാജിന്റെ സേവനം ഏറ്റവും ആവശ്യമായ സമയാണ് ഇപ്പോള്‍. എന്നാല്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാതെ മത്സരരംഗത്തേയ്ക്ക് തിരിച്ചെത്തില്ല. മത്സരംഗത്തേയ്ക്ക് തിരിച്ചെത്തണമെങ്കില്‍ ആറ് മാസമെങ്കിലും കഴിയേണ്ടിവരും. ഇന്ത്യയില്‍ ഓഗസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന പരമ്പരയില്‍ യുവി ടീമില്‍ തിരിച്ചെത്തിയേക്കും- യുവരാജിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഐപിഎല്ലിന്റെ അഞ്ചാം സീസണ്‍ ഏപ്രില്‍ നാലിന് ആണ് ആരംഭിക്കുക. കഴിഞ്ഞ സീസണില്‍ യുവരാജ് പൂനെ വാരിയേഴ്സിന്റെ നായകനായിരുന്നു.