യുവരാജിന് പകരക്കാരന്‍ ആര്?

ചൊവ്വ, 14 ഫെബ്രുവരി 2012 (11:49 IST)
ഐ പി എല്ലില്‍ പുനെ വാരിയേഴ്സിന് യുവരാജ് സിംഗിന് പകരക്കാരനെ എടുക്കാം. ബി സി സി ഐ അനുമതി നല്‍കിയതോടെ സഹാറ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പുനെ വാരിയേഴ്സ് യുവരാജിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായാണ് അറിയുന്നത്. എന്നാല്‍ ബി സി സി ഐയുടെ തീരുമാനത്തോട് സഹാറ പരസ്യമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ 1.8 മില്യണ്‍ ഡോളറിനാണ് പുനെ വാരിയേഴ്സ് യുവരാജിനെ സ്വന്തമാക്കിയത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന യുവരാജിന് പകരം ഒരാളെ എടുക്കുന്നതിന് സഹാറ ഗ്രൂപ്പിന് ബി സി സി ഐ അനുമതി നിഷേധിച്ചത് സഹാറയും ഇന്ത്യന്‍ ക്രിക്കറ്റും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചു. ടീം ഇന്ത്യയുടെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍‌മാറിയാണ് സഹാറ തിരിച്ചടി നല്‍കിയത്.

എന്തായാലും തിങ്കളാഴ്ച ബി സി സി ഐ ബോര്‍ഡ് യോഗം ചേര്‍ന്ന് പുനെ വാരിയേഴ്സിന് യുവരാജിന് പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള അനുമതി നല്‍കി. ഫെബ്രുവരി നാലിന് നടന്ന ഐ പി എല്‍ ലേലത്തില്‍ വിറ്റുപോകാത്ത കളിക്കാരുടെ പട്ടികയില്‍ നിന്ന് പുനെയ്ക്ക് പുതിയ ആളെ കണ്ടെത്താം.

യുവരാജിന് പകരക്കാരനായി എത്താന്‍ സാധ്യതയുള്ളവരുടെ പട്ടിക ഇതാണ്: വി വി എസ് ലക്‍ഷ്മണ്‍, ലൂക്ക് റൈറ്റ്, കെവിന്‍ ഒബ്രിയെന്‍, ഡ്വൈയിന്‍ സ്മിത്ത്, രവി ബൊപ്പാര, മാര്‍ലണ്‍ സാമുവല്‍‌സ്, ജസ്റ്റിന്‍ കെം‌പ്, അഡ്രിയാന്‍ ബരത്, രാം‌നരേഷ് സര്‍വന്‍, ഇയാന്‍ ബെല്‍, തമീം ഇക്ബാല്‍, ജേക്കബ് ഓറം, പീറ്റര്‍ ഫോറസ്റ്റ്.

വെബ്ദുനിയ വായിക്കുക