ബ്രെറ്റ് ലീക്ക് ഐപി‌എല്‍ നഷ്ടമായേക്കും

Webdunia
വെള്ളി, 13 ഫെബ്രുവരി 2009 (17:38 IST)
PTI
കാല്‍‌ക്കുഴക്കേറ്റ പരുക്ക് ഭേദമാവാത്തതിനാല്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൌളര്‍ ബ്രെറ്റ് ലീക്ക് പാകിസ്ഥാനെതിരായ എകദിന പരമ്പരയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. കാല്‍ക്കുഴയ്ക്കേറ്റ പരുക്കിന് കഴിഞ്ഞ മാസമാണ് ലീ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

പരുക്ക് പൂര്‍ണമായും ഭേദമാവാതെ ലീയെ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ടെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനമെന്ന് ഓസീസ് ടീം ഫിസിയൊ അലക്സ് കോണ്ടോറിസ് പറഞ്ഞു.

പരുക്കിനെ തുടര്‍ന്ന് ലീയെ ഓസീസ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് ടീമിന്‍റെ താരമായ ലീക്ക് ഭൂരിഭാഗം മത്സരങ്ങളും നഷ്ടമാവുമെങ്കിലും ജൂണില്‍ നടക്കുന്ന ട്വന്‍റി-20 മത്സരത്തിന് മുന്നോടിയായി ഏതാനും മത്സരങ്ങളില്‍ ലീ കളിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഇന്ത്യന്‍ പര്യടനത്തിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും മോശം ഫോമും പരുക്കും അലട്ടിയ ലീയുടെ പ്രകടനം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.