പാക് ടീമിന്‍റെ സന്ദര്‍ശനം വീണ്ടും നീട്ടി

ബുധന്‍, 18 മാര്‍ച്ച് 2009 (10:28 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ സന്ദര്‍ശനം ബംഗ്ലാദേശ് വീണ്ടും നീട്ടി. സുരക്ഷാ കാരണങ്ങളാലാണ് നടപടി. ബംഗ്ലാദേശ് കായിക വകുപ്പ് മന്ത്രി അഹാദ് അലി സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കളിക്കാര്‍ക്ക് ഇപ്പോള്‍ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം അതിര്‍ത്തി രക്ഷാസേനയിലുണ്ടായ കലാപം കണക്കിലെടുത്താണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിദേശ ടീമുകളുടെ പര്യടനം നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം അദ്ദേഹം പറഞ്ഞു.

ഈ മാസമാദ്യമായിരുന്നു പാക് ടീമിന്‍റെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലാഹോര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത് മാര്‍ച്ച് ഇരുപത്തിയെട്ടിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ട്വന്‍റി-20യും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്.

എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ സന്ദര്‍ശനം ഉപേക്ഷിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് റബീബ് ഇമാം പറഞ്ഞു. പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് പുതിയ സമയം നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക