പരുക്ക്: സെവാഗ് കളിക്കില്ല; പകരം കാര്‍ത്തിക്

Webdunia
തിങ്കള്‍, 21 ജൂണ്‍ 2010 (11:43 IST)
ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ വീരേന്ദര്‍ സെവാഗ് ഏഷ്യാകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. കടുത്ത പേശിവലിവിനെ തുടര്‍ന്നാണ് സെവാഗ് പിന്മാറിയത്. സെവാഗിന് പകരം ദിനേഷ് കാര്‍ത്തിക്കിനെ ടീമിലെടുത്തിട്ടുണ്ട്.

പാകിസ്ഥാനെതിരെ നടന്ന വാശിയേറിയ മത്സരത്തില്‍ കടുത്ത പേശിവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റണ്ണറെ വെച്ചാണ് സെവാഗ് ബാറ്റ് ചെയ്തത്. പരുക്കിനെ തുടര്‍ന്ന് സെവാഗിന് മികച്ച തുടക്കം നല്‍കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, മത്സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് വിജയിച്ചു.

സെവാഗിന് പത്തു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ ഓപ്പണിംഗ് പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. ഓപ്പണര്‍മാരുടെ പരാജയമായിരുന്നു സിംബാബ്‌വെയില്‍ നടന്ന ത്രിരാഷ്ട്ര കപ്പില്‍ ഫൈനല്‍ കളിക്കാതെ ഇന്ത്യ മടങ്ങിയത്.

ചൊവ്വാഴ്ച ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഗംഭീറിനൊപ്പം കാര്‍ത്തികായിരിക്കും ഓപ്പണ്‍ ചെയ്യുക. അതേസമയം, ലങ്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് സെവാഗ് തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്.