ദക്ഷിണാഫ്രിക്ക ബംഗാള്‍ കടുവകളെ പേടിപ്പിച്ചുവിട്ടു

Webdunia
ശനി, 19 മാര്‍ച്ച് 2011 (15:53 IST)
PRO
PRO
ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ബംഗ്ലാദേശ് പുറത്തായി. ക്വാര്‍ട്ടര്‍ മോഹവുമായി മത്സരത്തിനിറങ്ങിയ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയോട് 206 റണ്‍സിന്‌ പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 284 റണ്‍സ്‌ പിന്തുടര്‍ന്ന ബംഗ്ലാദേശ്‌ 28 ഓവറില്‍ 78 റണ്‍സിന്‌ പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ തമീം ഇഖ്‌ബാല്‍ 5 ഉം ഇമറുള്‍ ഖയസ്‌ 4 ഉം റണ്‍സ് മാത്രം എടുത്താണ് പുറത്തായത്. എട്ടോവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലു പേര്‍ കൂടാരം കയറിയിരുന്നു. 30 റണ്‍സെടുത്ത ക്യാപ്‌റ്റന്‍ ഷക്കീബ്‌ അല്‍ഹസന്‍ ഒഴികെയുള്ള ബാസ്‌റ്റ്മാന്‍മാര്‍ ആരും രണ്ടക്കം കടന്നില്ല. റൂബല്‍ ഹുസൈന്‍ എട്ട് റണ്‍സ് എടുത്തു.

നേരത്തേ ടോസ്‌ നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 284 റണ്‍സെടുത്തു. ഹാഷിം അംല (51), ജാക്ക്‌ കാലിസ്‌ (69), ഫാഫ്‌ ഡു പെലിസിസ്‌ (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായി. സ്‌മിത്ത്‌ (45), റോബിന്‍ പീറ്റേഴ്‌സണ്‍ (22), ജൊഹാന്‍ ബോത്ത (ആറു പന്തില്‍ 12), ഡുമിനി (17) വാന്‍ വൈക് (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകള്‍.

ബംഗ്ലാദേശിനു വേണ്ടി റൂബര്‍ ഹുസൈന്‍ മൂന്നു വിക്കറ്റ്‌ വീഴ്‌ത്തി. ഷക്കീബ്‌ അല്‍ ഹസന്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അബ്‌ദുര്‍ റസാഖ്‌, മഹമ്മുദുള്ള എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.