പാകിസ്ഥാനെതിരെ പരമ്പര തേടി മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തിലെ ആവേശം ഉള്‍ക്കൊണ്ട് രണ്ടാം മത്സരത്തില്‍ ടോപ് ഗീയറിലായിരിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍ വാസീം ജാഫറും മുന്‍ നായകന് രാഹുല്‍ ദ്രാവിഡും അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കി.
തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും അദ്യ വിക്കറ്റിനു ശേഷം മികച്ച കൂട്ടുകെട്ട് കണ്ടെത്തി. മൂന്നാമത്തെ പന്തില്‍ ഓപ്പണര്‍ ദിനേശ് കാര്‍ത്തിക്കിനെ ഒരു റണ്‍സിനു താല്‍ക്കാലിക നായകന് യൂനിസ് ഖാന്റെ കയ്യില്‍ ഏല്‍പ്പിച്ചത് സൊഹൈല്‍ തന്‍വീറായിരുന്നു. രണ്ടാമത്തെ മത്സരത്തിലാണ് കാര്‍ത്തിക്ക് ബാറ്റിംഗ് പരാജയം നേരിടുന്നത്.
അതിനു ശേഷം ദ്രാവിഡില്‍ നല്ല കൂട്ടാളിയെ കണ്ടെത്തിയ ജാഫര്‍ അര്‍ദ്ധ ശതകത്തിലേക്ക് പെട്ടെന്ന് എത്തി. 119പന്തുകളില്‍ 14 ഫോറിന്റെ പിന്‍ബലത്തില്‍ 80 റണ്‍സ് ജാഫര്‍ എടുത്തിട്ടുണ്ട്. ദ്രാവിഡ് 117പന്തുകളില്‍ ഏഴ് ഫോറുകളുടെ പിന്‍ബലത്തിലാണ് 50 എന്ന സ്കോറിലെത്തിയത്. 39 ഓവറുകളില്‍ 138 ആണ് ഇന്ത്യയുടെ സമ്പാദ്യം.