കോഹ്‌ലിക്ക് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം

Webdunia
ബുധന്‍, 1 മെയ് 2013 (17:25 IST)
PRO
ഇന്ത്യയുടെ അഭിമാനതാരം വിരാട്‌ കോഹ്‌ലിയെ അര്‍ജുന അവാര്‍ഡിനു നാമനിര്‍ദേശം ചെയ്‌തു. മുന്‍ നായകനും ഇതിഹാസ താരവുമായ ഗാവസ്‌കറിനെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ധ്യാന്‍ചന്ദ്‌ അവാര്‍ഡിനും ബിസിസിഐ. നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്‌.

അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യുന്നതിനെ ചൊല്ലി ബിസിസിഐയും കേന്ദ്ര കായിക മന്ത്രാലയവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കായിക മന്ത്രാലയം അപേക്ഷാ ഫോമുകള്‍ യഥാസമയത്തു വിതരണം ചെയ്‌തില്ലെന്നായിരുന്നു ബോര്‍ഡിന്റെ ആരോപണം.

അര്‍ജുന, രാജീവ്‌ ഗാന്ധി ഖേല്‍രത്ന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ്‌ അവാര്‍ഡുകള്‍ക്കു നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതികഴിഞ്ഞദിവസം അവസാനിച്ചിരുന്നു.

പാരാലിമ്പിക്‌ താരം ഗിരീഷ്‌ ഹൊസനഗര നാഗരാജ ഗൗഡയെയും ഹോക്കി താരം സന്ദീപ്‌ സിംഗിനെയും രാജീവ്‌ ഗാന്ധി ഖേല്‍രത്നയ്‌ക്കു നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്‌. ലണ്ടന്‍ പാരാലിമ്പിക്‌സില്‍ ഗിരീഷ്‌ ഹൊസനഗര വെള്ളി മെഡല്‍ നേടിയിരുന്നു. പത്മശ്രീ ജേതാവാണ്‌.