കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒരു ഇന്നിംഗ്സിനും 51 റണ്‍സിനും ജയിച്ചു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 453 പിന്തുടര്‍ന്ന വിന്‍ഡീസ് 168 റണ്‍സിന് എല്ലാവരും പുറത്തായി.
രണ്ടാമിന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ ഷമി മുഹമ്മദാണ് വിന്‍ഡീസിനെ പൊളിച്ചടുക്കിയത്. ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവച്ച അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
ഡാരന്‍ ബ്രാവോ (37), കീറന്‍ പവല്‍ (36), ക്രിസ് ഗെയില്‍ (33) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്.
219 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡുമായാണ് ഇന്ത്യ ബൗളിംഗിനിറങ്ങയത്. ആര്‍ അശ്വിന്റെയും രോഹിത്ത് ശര്‍മ്മയുടെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മ 177 റണ്‍സും അശ്വിന്‍ 124 റണ്‍സും നേടി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 250 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
വിന്‍ഡീസിന് വേണ്ടി ഷില്ലിംഗ്ഫോര്‍ഡ് സച്ചിന്റെയുള്‍പ്പടെ ആറു വിക്കറ്റ് വീഴ്ത്തി. വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിന് ഇറങ്ങിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പത്ത് റണ്‍സിന് പുറത്തായിരുന്നു.