ഇന്ത്യന്‍ ക്രിക്കറ്റ് ലീഗുമായി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയിന്‍ വോണ്‍ കരാറില്‍ ഏര്‍പ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വോണിന്‍റെ മാനേജര്‍ ജെയിംസ് എര്‍സ്‌ക്കിന്‍. വോണ്‍ കരാറില്‍ ഏര്‍പ്പെട്ടെന്ന കപില്‍ ദേവിന്‍റെ പരാമര്‍ശത്തെ അസംബന്ധം എന്നാണ് എര്‍സ്കിന്‍സണ്‍ വിളിക്കുന്നത്.
ചര്‍ച്ചകള്‍ നടന്നു വരുന്നതേയുള്ളെന്നും ഐ സി എല്‍ ഓപ്പറേഷന്‍ മാനേജര്‍ ഡീന്‍ ജോണ്‍സിനും കപില്‍ദേവിനും സംഭവിച്ച തെറ്റായിരുന്നു വാര്‍ത്ത എന്നും വോണിന്‍റെ മാനേജര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കളിക്കാന്‍ വോണിനു താല്പര്യമുണ്ട്. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചെല്ലാം പഠിച്ചതിനു ശേഷമേ ഒരു തീരുമാനത്തില്‍ എത്തൂ. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഉപദേശം കൂടി തേറ്റിയിരിക്കുകയാണ് വോണ്‍.
വോണ്‍ ഇന്ത്യയില്‍ എത്തുന്നു എന്നു കപില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ടൈംസ് പത്രത്തില്‍ വോണ്‍ കോളമെഴുതി. “ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുക എന്നത് വലിയ അനുഭവമാണ്. ആ ഒരു കാരണത്താലാണ് ഒക്‍ടോബര്‍ നവംബറിലായി നടക്കുന്ന ട്വന്‍റി മത്സരങ്ങള്‍ക്ക് കളിക്കാന്‍ താല്പര്യപ്പെടുന്നത്. എന്നാല്‍ ഒപ്പിടാന്‍ പേനയെടുക്കുന്നതിനു മുമ്പ് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.”
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എതിര്‍ക്കുന്ന ഐ സി എല്ലില്‍ കളീക്കാന്‍ ഒട്ടേറെ താരങ്ങളാണ് മുന്നോട്ടു വന്നിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ, ഒസീസ് പെസര്‍ ഗ്ലെന്‍ മക്‍ഗ്രാത്ത്, ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവര്‍ ലീഗുമായി സഹകരിക്കാന്‍ സന്നദ്ധരായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ലാറ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.