ഐപി‌എല്‍: വിന്‍ഡീസ് ടീമില്‍ വിവാദം

വെള്ളി, 27 മാര്‍ച്ച് 2009 (16:30 IST)
ഐപി‌എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായി ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വിന്‍ഡീസ് താരങ്ങള്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന താരങ്ങളായ ശിവനാരായണന്‍ ചന്ദര്‍പോള്‍, ജെറോമീ ടെയ്‌ലര്‍, ഫിഡല്‍ എഡ്വാര്‍ഡ്സ്, ബ്രാവോ തുടങ്ങിയവരാണ് ഭീഷണി മുഴക്കിയിട്ടുള്ളതെന്നാണ് സൂചന.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളുമായി പ്രതിഫലം സംബന്ധിച്ച് ശീതയുദ്ധം നടക്കുകയാണ്. ഇതിന് പുറമെയാണ് ഐപി‌എല്‍ മത്സരസമയത്ത് ഇംഗ്ലണ്ട് പര്യടനം നിശ്ചയിച്ചിരിക്കുന്നതും. ഇതാണ് താ‍രങ്ങളെ പ്രകോപിപിച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍ ക്രിസ് ഗെയ്‌ലിന്‍റെ പേരും ഭീഷണി മുഴക്കിയിട്ടുള്ളവരുടെ കൂട്ടത്തില്‍ കേട്ടിരുന്നു. എന്നാല്‍ കളിക്കാര്‍ പരമ്പര ബഹിഷ്കരിക്കുന്നതായ വാര്‍ത്ത ഗെയ്‌ല്‍ നിഷേധിച്ചിട്ടുണ്ട്.

പ്രതിഫല തര്‍ക്കത്തില്‍ ബോര്‍ഡിനെക്കൊണ്ട് അനുകൂല നിലപാട് എടുപ്പിക്കാനായിട്ടുണ്ടെന്നും ഗെയ്‌ല്‍ പറയുന്നു. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡും വെസ്റ്റിന്‍ഡീസ് പ്ലെയേഴ്സ് അസോസിയേഷനും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

മെയ് ആറ് മുതല്‍ ആണ് വെസ്റ്റിന്‍ഡീസിന്‍റെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. ശ്രീലങ്കന്‍ ടീമിനെയായിരുന്നു ഈ സ്ഥാനത്ത് നിശ്ചയിച്ചിരുന്നതെങ്കിലും ഐപി‌എല്ലില്‍ പങ്കെടുക്കാനായി ലങ്കന്‍ കളിക്കാര്‍ പിന്‍‌വാങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക