ഇന്ത്യയ്ക്ക് വിസ്മയ വിജയം, ബോണസ് പോയിന്‍റ്

ചൊവ്വ, 28 ഫെബ്രുവരി 2012 (18:13 IST)
PTI
ഇന്ത്യ തകര്‍ത്തുവാരി. ആരും പ്രതീക്ഷിച്ചില്ല ഇത്. 321 എന്ന കൂറ്റന്‍ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഇന്ത്യ പതിമൂന്നിലധികം ഓവറുകള്‍ ബാക്കിനില്‍ക്കേ വിജയം നേടി. മാത്രമല്ല ബോണസ് പോയിന്‍റും ലഭിച്ചു. അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയയോട് ശ്രീലങ്ക പരാജയപ്പെട്ടാല്‍ ഇന്ത്യ ത്രിരാഷ്ട്ര കപ്പിന്‍റെ ഫൈനലിലെത്തും.

86 പന്തുകളില്‍ നിന്ന് 133 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിരാട് കൊഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. 40* റണ്‍സുമായി സുരേഷ് റെയ്‌ന കൊഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി.

36.4 ഓവറുകളിലാണ് 321 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്‍ഷ്യം ഇന്ത്യ മറികടന്നത്. 40 ഓവറിനുള്ളില്‍ ജയിച്ചില്ലെങ്കില്‍ ബോണസ് പോയിന്‍റ് ലഭിക്കില്ലായിരുന്നു. എങ്കില്‍ ചൊവ്വാഴ്ച തന്നെ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങാമായിരുന്നു. എന്തായാലും ആ ഗതികേട് ധോണിയുടെ കുട്ടികള്‍ വരുത്തിവച്ചില്ല.

സച്ചിന്‍(39), സേവാഗ്(30), ഗംഭീര്‍(63) എന്നിവരും ഇന്ത്യയുടെ വിജയത്തിന് കാര്യമായ സംഭാവന നല്‍കി.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് ആണ് ശ്രീലങ്ക നേടിയത്.

ദില്‍‌ഷന്‍(160 നോട്ടൌട്ട്), സം‌ഗക്കാര(105) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി സഹീര്‍ ഖാന്‍, പ്രവീണ്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

വെബ്ദുനിയ വായിക്കുക