ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന പ്രഥമ ക്രിക്കറ്റ് ലീഗില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കും താല്‍പര്യമുണ്ടെന്ന് ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡി. ചില ഇംഗ്ലീഷ് താരങ്ങള്‍ ലീഗുമായി ബന്ധപ്പെട്ട കാര്യത്തില്‍ തന്നെ സമീപിച്ചതായും മോഡി വ്യക്തമാക്കി. ഇംഗ്ലീഷ് താരങ്ങള്‍ക്ക് ലീഗില്‍ കളിക്കുന്നതിന് തടസ്സം അന്താരാഷ്ട്ര മത്സരങ്ങളാണ്.
എന്നിരുന്നാലും ഭാവിയില്‍ ലീഗില്‍ അവരെ ഉള്‍പ്പെടുത്തിയേക്കാമെന്നും പ്രീമിയര്‍ ലീഗ് വക്താക്കള്‍ പറയുന്നു. ഇംഗ്ലെണ്ടിലെ കളിക്കാര്‍ക്ക് ലീഗില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ഐ പി എല്ലില്‍ കലീക്കുന്ന കളിക്കാരെ പുറത്താക്കും എന്ന നിലപാടാണ് ഇംഗ്ലണ്ട് വെയില്‍സ് ക്രിക്കറ്റ് അസോസിയേഷന്‍റെത്.
2012 വരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ ഉള്ളതിനാലാണ് ഐ പി എല്ലില്‍ കളിക്കാന്‍ ഇംഗ്ലീഷ് താരങ്ങളെ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നത്. ഇംഗ്ലണ്ട് താരങ്ങള്‍ ഇല്ലാതെ തന്നെ അന്താരാഷ്ട്ര രംഗത്ത് നിന്നും 70 ലധികം താരങ്ങളെ ഐ പി എല്ലില്‍ റജിസ്റ്റര്‍ ചെയ്യിക്കാന്‍ ബി സി സി ഐയ്ക്കായി.
ടെലിവിഷന്‍ അവകാശം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നല്‍കിയതിലൂടെ 800 ദശലക്ഷം പൌണ്ടില്‍ അധികം സ്വന്തമാക്കാനും ഐ പി എല്ലിനായി. കളിക്കാരുടെ ലേലത്തിലൂടെ മാത്രം 42 ദശലക്ഷം ഡോളറുകളാണ് കണ്ടെത്തിയത്. മഹേന്ദ്ര സിംഗ് ധോനിക്കും ഓസ്ട്രേലിയന്‍ ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സിനുമായിരുന്നു കൂടുതല്‍ തുക ലഭിച്ചത്.
ഇംഗ്ലണ്ടിലെ മികച്ച കളിക്കാരെ ഐ പി എല്ലില്‍ എത്തിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായും ലളിത് മോഡി പറയുന്നു. എന്നാല്‍ ഇംഗ്ലണ്ടുമായുള്ള കരാറായിരുന്നു തടസ്സമായി നിന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വരും കാലത്ത് അവര്‍ക്കനുസൃതമായി പരിപാടികള്‍ നീക്കിയ ശേഷം ഇംഗ്ലീഷ് താരങ്ങളെ ലീഗില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ കൌണ്ടി ക്രിക്കറ്റ് വലിയ വരുമാന സ്രോതസായി നിലനില്‍ക്കുമ്പോള്‍ അതിനെ മറികടന്ന് വേണം കളിക്കാര്‍ തീരുമാനമെടുക്കാനെന്നും മോഡി പറയുന്നു.