ആറു ദേശീയ താരങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ വാതുവയ്പില്‍ പങ്കുണ്ട്

Webdunia
ചൊവ്വ, 11 ഫെബ്രുവരി 2014 (10:30 IST)
PTI
ഇന്ത്യന്‍ ടീമില്‍ നിലവിലെ അംഗമുള്‍പ്പെടെ ആറു ദേശീയ താരങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ വാതുവയ്പില്‍ വ്യക്‌തമായ പങ്കുണ്ടെന്ന്‌ ജസ്റ്റിസ്‌ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട്‌.

സുപ്രീം കോടതിക്കു സമര്‍പ്പിച്ച സീല്‍ ചെയ്‌ത കവറില്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ട ദേശീയ താരങ്ങളില്‍ ചിലരുടെ പേരുകള്‍ സമിതി കൈമാറി. ഐപിഎല്‍ ഒത്തുകളി സംബന്ധിച്ച്‌ വിശദ അന്വേഷണം നടത്തിയ മാധ്യമപ്രവര്‍ത്തകനാണ്‌ നിലവിലെ ടീമില്‍ അംഗമായ താരത്തിന്റെ വാതുവയ്പ്‌ ഇടപാടുകള്‍ സമിതി മുന്‍പാകെ വെളിപ്പെടുത്തിയത്‌.

അന്വേഷണത്തിന്റെ ഭാഗമായി വാതുവയ്പ്‌ ഇടപാടുകളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിനിടെ, ദേശീയ താരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്നു മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. എന്നാല്‍, തന്റെ ജീവന്‍ അപകടത്തിലാകുമെന്നു ചൂണ്ടിക്കാട്ടി താരത്തിന്റെ പേര്‌ വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകന്‍ വിസമ്മതിച്ചുവെന്നു സമിതി അറിയിച്ചു.